സംരംഭക വർഷം: കണ്ണൂർ മണ്ഡലത്തിൽ 13.51 കോടി രൂപയുടെ നിക്ഷേപം

post

വ്യവസായ വകുപ്പിൻ്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി എൻ്റെ സംരംഭം നാടിൻ്റെ അഭിമാനം എന്ന ആശയത്തിലൂന്നി കണ്ണൂർ നിയോജക മണ്ഡലത്തിൽ പുതുതായി 343 സംരംഭങ്ങൾ തുടങ്ങി. 13.51 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ആരംഭിച്ച സംരംഭങ്ങൾ വഴി ഇത് വരെ 789 പേർക്ക് തൊഴിൽ ലഭിച്ചു. ഇത് വരെ 32.92 ശതമാനം നേട്ടം കൈവരിച്ചതായി ഉദ്യോഗസ്ഥർ മണ്ഡലതല അവലോകന യോഗത്തിൽ വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടത്തിയ വായ്പാ സബ്സിഡി മേളയിൽ അർഹരായ17 പേർക്കായി 1.08 കോടി രൂപ വായ്പ അനുവദിച്ചു. മണ്ഡലം പരിധിയിൽ പെടുന്ന കണ്ണൂർ കോർപ്പറേഷനിലെ 14 മുതൽ 53 വരെയുള്ള ഡിവിഷനുകൾ, മുണ്ടേരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലായി 1042 സംരംഭങ്ങൾ തുടങ്ങുകയാണ് ലക്ഷൃം.ഇതിനായി ബിടെക്ക് / എം ബി എ യോഗ്യതയുള്ള നാല് ഇൻ്റേണുകളെ നിയോഗിച്ച് പ്രവർത്തനം തുടങ്ങി. ഇതിൻ്റെ ഭാഗമായാണ് 343 പുതിയ സംരംഭങ്ങൾ തുടങ്ങിയത്. ഇതിൽ 39 നിർമ്മാണ സംരംഭങ്ങളും 130 സേവന സംരംഭങ്ങളും 174 കച്ചവട സംരംഭങ്ങളും ഉൾപ്പെടുന്നു. കലക്ടേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു.