നല്ല കൃഷി രീതികള്‍ അവലംബിക്കണം; ഗുണ നിലവാരം ഉറപ്പുവരുത്തണം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

post

തൃശൂര്‍: വ്യത്യസ്ത ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് നല്ല കൃഷി രീതികള്‍ അവലംബിക്കുകയും, ഗുണ നിലവാരം ഉറപ്പ് വരുത്തുകയും വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള കാര്‍ഷിക സര്‍വകലാശാല ബിരുദദാന ചടങ്ങ് സര്‍വകലാശാല സെന്‍ട്രല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി രീതികള്‍ മെച്ചപ്പെടുത്താന്‍ പുതിയതായി ആവിര്‍ഭവിച്ചു വരുന്ന ബ്ലോക്ക് ചെയിന്‍, നാനോ സാങ്കേതിക വിദ്യകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ്, ബയോടെക്‌നോളജിയുടെ മെച്ചപ്പെടുത്തിയ ഉപയോഗം എന്നിവ പ്രാബല്യത്തില്‍ വരുത്തണം. ഇതിലൂടെ കര്‍ഷകര്‍ക്ക് ശരിയായ തീരുമാനമെടുക്കാനുള്ള സൗകര്യങ്ങള്‍ ലഭ്യമാകും. കാലാവസ്ഥ വ്യതിയാനം മൂലം തകര്‍ച്ച നേരിട്ട കാര്‍ഷിക മേഖലയെ ഈ സംവിധാനങ്ങളിലൂടെ അഭിവൃദ്ധിപ്പെടുത്തണം. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. ബിരുദം പൂര്‍ത്തീകരിച്ച് ഇറങ്ങുന്നവരോട് കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. അവരുടെ സംതൃപ്തിയാകണം മികച്ച പ്രകടനം കാഴ്ച വെക്കാനുള്ള അളവുകോല്‍ എന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാല പ്രൊ ചാന്‍സലര്‍ കൂടിയായ കൃഷി മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. രണ്ട് പ്രളയങ്ങള്‍ക്ക് ശേഷവും നമ്മുടെ കാര്‍ഷിക മേഖല പൂര്‍ണമായി തകര്‍ന്നടിഞ്ഞില്ലെന്നും ഇപ്പോഴും ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ച വെക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പുത്തന്‍ വിത്തിനങ്ങളുടെയും, സുസ്ഥിര കാര്‍ഷിക വികസനത്തിന്റെയും അടിസ്ഥാനം നമ്മുടെ സമ്പന്നമായ ജൈവ വൈവിദ്ധ്യമാണെന്ന തിരിച്ചറിവ് ശാസ്ത്ര സമൂഹത്തിനുണ്ട്. കാര്‍ഷിക വിളകളിലെ ജൈവ സമ്പന്നത സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ കാര്‍ഷിക സര്‍വകലാശാല നടത്തുന്നു. ആരോഗ്യമുള്ള ജനതയാണ് രാഷ്ട്രത്തിന്റെ മുതല്‍ക്കൂട്ട് എന്ന തിരിച്ചറിവോടെ പ്രവര്‍ത്തിച്ച് കാര്‍ഷിക കേരളത്തിന്റെ ഭാവി സൃഷ്ടാക്കളാകാന്‍ ബിരുദം സ്വീകരിച്ചവരോട് മന്ത്രി ആവശ്യപ്പെട്ടു. 

അഗ്രികള്‍ച്ചര്‍, എഞ്ചിനീയറിംഗ്, ഫോറസ്റ്ററി വിഭാഗങ്ങളിലെ 814 വിദ്യാര്‍ത്ഥികള്‍ക്കാണ് ബിരുദം നല്‍കിയത്. 306 പേര്‍ക്ക് ബിരുദവും, 246 പേര്‍ക്ക് ബിരുദനാന്തര ബിരുദവും, 91 പേര്‍ക്ക് ഡിപ്ലോമയും 41 പേര്‍ക്ക് ഡോക്ടറേറ്റും നല്‍കി. റാങ്ക് നേടിയവര്‍ക്കുള്ള മെഡലുകളും, ഐ സി എ ആര്‍ നിര്‍ദ്ദേശമനുസരിച്ച് ഏര്‍പ്പെടുത്തിയ മികച്ച അധ്യാപകര്‍ക്കുള്ള പുരസ്‌കാരങ്ങളും ഗവര്‍ണര്‍ സമ്മാനിച്ചു.