പ്രളയത്തെ അതിജീവിക്കാൻ മാതൃകയായി പറമ്പുകര ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ

post

മണർകാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഉപകേന്ദ്രമായ പറമ്പുകര ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 24ന് വൈകിട്ടു നാലുമണിക്ക് ആരോഗ്യ-കുടുംബക്ഷേമ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഉമ്മൻചാണ്ടി എം.എൽ.എ. അധ്യക്ഷനായിരിക്കും.

പറമ്പുകര ഉപകേന്ദ്രം ഹെൽത്ത് ആൻഡ് വെൽനസ് സെന്ററായി മാറുന്നതോടെ മറ്റൊരു മാതൃക കൂടിയായാവുകയാണ്. 2018ലെ വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച ആശുപത്രിയ്ക്കാണ് 50 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമിച്ചത്. സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലമായതിനാൽ അതിനെ അതിജീവിക്കാൻ കഴിയുന്ന മുൻകരുതലോടെയാണ് കെട്ടിടം നിർമിച്ചത്. മഴക്കാലത്ത് ആശുപത്രിയിൽ വെള്ളം കയറുന്നതു പ്രവർത്തനത്തെ ബാധിച്ചിരുന്നു.

2018ലെ പ്രളയത്തിൽ മുൻവർഷത്തേക്കാൾ രണ്ടുമീറ്റർ ഉയരത്തിൽ വെള്ളപ്പൊക്കത്തിൽ കെട്ടിടം മുങ്ങി. കെട്ടിടത്തിന്റെ സൂപ്പർ സ്ട്രക്ച്ചറിൽ വിള്ളലുകൾ വീണതോടെ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലുമായി. അതുകൊണ്ടുതന്നെ സമാനമായ രീതിയിൽ വെള്ളപ്പൊക്കമുണ്ടായാൽ അതിജീവിക്കുന്ന തരത്തിലാണ് 2637 ചതുരശ്രഅടി വിസ്തൃതിയിൽ പുതിയ കെട്ടിടം നിർമിച്ചത്.

താഴത്തെ നില തൂണുകളാൽ ഉയർത്തി ഭിന്നശേഷിയുള്ളവർക്ക് കൂടി സഹായകരമായി റാമ്പ് സഹിതം ആണ് ഒന്നാമത്തെ നിലയിൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ പൂർത്തീകരിച്ചത്. രജിസ്ട്രേഷൻ ഏരിയ, കാത്തിരിപ്പ് കേന്ദ്രം, പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം, ഓഫീസ്, ക്ലിനിക്ക്, കുടുംബാസൂത്രണ മുറി, പബ്ലിക്ക് ഹെൽത്ത് നഴ്സിങ് സ്റ്റേഷൻ, മുലയൂട്ടൽ മുറി, ജീവനക്കാർക്കും രോഗികൾക്കുമായി പ്രത്യേകം ശുചിമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.