റണ്ണിങ് കോൺട്രാക്ട്; ജില്ലയിൽ 187 കിലോമീറ്റർ റോഡിന്റെ പരിശോധന പൂർത്തിയായി

post

പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോൺട്രാക്ട് പ്രകാരമുള്ള റോഡുകളുടെ പരിശോധന ജില്ലയിൽ രണ്ടാം ദിവസവും തുടർന്നു. റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെട്ട 49 റോഡുകളുടെ പരിശോധനയാണ് ജില്ലയിൽ ഇന്ന് നടത്തിയത്. 187 കിലോമീറ്റർ റോഡിന്റെ പരിശോധന പൂർത്തിയായി.


ആർബിഡിസികെ എംഡി എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം ബേപ്പൂർ, കൊടുവള്ളി, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളിലും സൂപ്രണ്ടിങ് എൻജിനിയർ വിശ്വപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിലുമാണ് പരിശോധന നടത്തിയത്.


ബേപ്പൂർ, കൊടുവള്ളി, കോഴിക്കോട് സൗത്ത് എന്നീ മണ്ഡലങ്ങളിലെ റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെട്ട 95 കിലോമീറ്റർ റോഡാണ് രണ്ടാം ദിനത്തിൽ പരിശോധന പൂർത്തിയാക്കിയത്. ഫറോക്ക് -മണ്ണൂർ -കടലുണ്ടി റോഡ്, ചാലിയം -കടലുണ്ടി കടവ് റോഡ്, ചാലിയം- കരുവൻ തുരിത്തി -ഫറോക്ക് റോഡ്, മുല്ലപ്പള്ളി- ചാലിയം റോഡ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, തിരുവണ്ണൂർ- പന്നിയങ്കര റോഡ്, തുടങ്ങി 25 റോഡുകളാണ് സംഘം പരിശോധന പൂർത്തിയാക്കിയത്.


കുന്ദമംഗലം -തിരുവമ്പാടി മണ്ഡലങ്ങളിലെ റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെട്ട 92 കിലോമീറ്റർ റോഡാണ് പരിശോധിച്ചത് . ആർഇസി മുത്തേരി റോഡ്,ചെറൂപ്പ -കുറ്റിക്കടവ് റോഡ്, ചാത്തമംഗലം- ചെട്ടികടവ് റോഡ്, ഓമശ്ശേരി-തോട്ടത്തിൽ കടവ് റോഡ്, കൂടരഞ്ഞി-വഴിക്കടവ് റോഡ് തുടങ്ങി 24 റോഡുകളുടെ പരിശോധനയാണ് കുന്ദമംഗലം, തിരുവമ്പാടി കേന്ദ്രീകരിച്ച് പൂർത്തിയാക്കിയത്.


പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന മെയിന്റനൻസ് വർക്കുകളുടെ പരിശോധനയാണ് ജില്ലയിൽ നടക്കുന്നത്. ജില്ലയിൽ ഇതുവരെ റണ്ണിങ് കോൺട്രാക്ടിൽ ഉൾപ്പെട്ട 247 കിലോമീറ്റർ റോഡുകളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. സെപ്റ്റംബർ 30 നകം ജില്ലയിലെ ആയിരം കിലോമീറ്ററോളം റോഡുകൾ പരിശോധിക്കും.