വന്യജീവി വാരാഘോഷം; വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

post

ഒക്ടോബര്‍ 2 മുതല്‍ 8 വരെ ആഘോഷിക്കുന്ന വന്യജീവി വാരത്തോടനുബന്ധിച്ച് വന്യജീവിസംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ 2, 3 തീയ്യതികളിലായി ജില്ലാതല മത്സരങ്ങളും 8 ന് സംസ്ഥാന തല മത്സരങ്ങളും നടക്കും. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയേയും വന്യജീവികളേയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളില്‍ മത്സരം സംഘടിപ്പിക്കും. ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും.

എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത/സ്വാശ്രയ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. രണ്ട് പേരടങ്ങുന്ന ഒരു ടീമായാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കേണ്ടത്. മറ്റു മത്സരങ്ങളില്‍ ഓരോ സ്ഥാപനത്തെയും പ്രതിനിധീകരിച്ച് രണ്ട് പേര്‍ക്ക് പങ്കെടുക്കാം. പ്രസംഗം, ഉപന്യാസ മത്സരങ്ങള്‍ മലയാളത്തിലായിരിക്കും. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഓരോ മത്സരയിനത്തിലെയും ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും പുറമെ റോളിംഗ് ട്രോഫിയും സമ്മാനിക്കും.

സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുഗമിക്കുന്ന ഒരു രക്ഷകര്‍ത്താവിനും ഭക്ഷണവും താമസസൗകര്യവും സ്ളീപ്പര്‍ക്ളാസ്സ് യാത്രാചെലവും നല്‍കും. ഒക്ടോബര്‍ 2, 3 തിയ്യതികളില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ ജില്ലാതല മത്സരങ്ങള്‍ നടക്കും. ഒക്ടോബര്‍ 2 ന് രാവിലെ 9 ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30 മുതല്‍ 11.30 വരെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പെന്‍സില്‍ ഡ്രോയിഗ് മത്സരം നടക്കും. 11.45 മുതല്‍ 12.45 വരെ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപന്യാസ മത്സരവും 2.15 മുതല്‍ 4.15 വരെ വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരവും നടക്കും. ഒക്ടോബര്‍ 3 ന് രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍ 10 മുതല്‍ 1 വരെ ഹൈസ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസ് മത്സരവും 2 മുതല്‍ 4 വരെ പ്രസംഗ മത്സരവും നടക്കും. ഫോണ്‍: 04936 202623.