രായമംഗലം ഗ്രാമപഞ്ചായത്തിൽ 35 ഏക്കറിൽ തരിശ് നെൽക്കൃഷിക്ക് തുടക്കം

post

രായമംഗലം ഗ്രാമപഞ്ചായത്തിൽ 35 ഏക്കർ തരിശു നിലത്ത് നെൽക്കൃഷി ആരംഭിച്ചു. ഗ്രാമ പഞ്ചായത്തും കൃഷിവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന തരിശ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്തിലെ 13,14 വാർഡുകളിൽ ഉൾപ്പെടുന്ന കോണിക്കമാലി, എച്ചിലക്കോട് പാടശേഖരങ്ങളിലാണ് കൃഷി ഇറക്കിയത്. 15 വർഷമായി തരിശായി കിടന്ന പടശേഖരങ്ങളായിരുന്നു ഇത്.

ഈ പാടശേഖരങ്ങളുടെ നടുഭാഗത്തുകൂടി ഒഴുകുന്ന വലിയതോട് ചെളിയും പുല്ലും നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ തോട് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് മുൻകൈ എടുത്ത് 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരിച്ചു. തുടർന്നാണ് ഈ വയലുകളിൽ കൃഷി ഇറക്കാനുള്ള ശ്രമം പഞ്ചായത്ത് ആരംഭിച്ചത്.

ഉമ ഇനത്തിലുള്ള വിത്താണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. നിലമൊരുക്കൽ, വിത്ത്, വളം തുടങ്ങിയ കാര്യങ്ങൾക്ക് ഹെക്ടറിന് 35000 രൂപ കൃഷി ചെയ്യുന്ന ആൾക്കും 5000 രൂപ സ്ഥലമുടമയ്ക്കും സഹായം ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്.