വട്ടിയൂർക്കാവിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉടൻ

post

വട്ടിയൂർക്കാവ് ജങ്ഷനിലെ രൂക്ഷമായ ഗതാഗത കുരുക്ക് പരിഹരിക്കാൻ പൊലീസിന് ജില്ലാ വികസന സമിതി നിർദ്ദേശം നൽകി. ജങ്ഷനിലെ ബസ് സ്റ്റോപ്പ് അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഗതാഗതം നിയന്ത്രിക്കാൻ പോലീസിനെ നിയമിക്കുകയും വേണമെന്ന് വി.കെ പ്രശാന്ത് എം.എൽ.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

പേരൂർക്കട മേൽപ്പാലം നിർമ്മാണത്തിന്റെ ഭാഗമായുള്ള സാമൂഹിക ആഘാതപഠനത്തിന്റെ പുരോഗതി സമിതി വിലയിരുത്തി. വട്ടിയൂർക്കാവിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും വി.കെ പ്രശാന്ത് എം.എൽ.എ പറഞ്ഞു.

കോർപ്പറേഷനിലെ സ്വീവേജ് മാലിന്യം സംസ്‌കരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത പദ്ധതിയായ അമൃതിൽ ഉൾപ്പെടുത്തി പമ്പ്ഹൗസുകൾ, പൈപ്പ്ലൈനുകൾ എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിലെ നടപ്പാതയുടെ നവീകരണവും ഓടകൾ വൃത്തിയാക്കലും പൂർത്തിയായി. നെടുമങ്ങാട് താലൂക്കിൽ 301 പട്ടയങ്ങളുടെ വിതരണം പൂർത്തിയായി. പാങ്ങോട് പഞ്ചായത്തിലെ പൂലോട് മുതൽ എക്‌സ് സർവീസ്മെൻ കോളനി വരെയുള്ള റോഡിന്റെ അവശേഷിക്കുന്ന മൂന്ന് കിലോമീറ്ററിന്റെ നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.