അപകടസാദ്ധ്യതയുണ്ടാക്കുന്ന കുഴികൾ ഉടൻ നികത്തണം

post

റോഡുകളിൽ അപകട സാദ്ധ്യതയുണ്ടാക്കുന്ന കുഴികൾ ശ്രദ്ധയിൽപ്പെട്ടാൽ 24 മണിക്കൂറിനകം അവ നികത്തണമെന്ന് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി കോൺഫ്രൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് പ്രത്യേകം മുൻകരുതൽ വേണം. തങ്ങളുടെ ചുമതലയുള്ള റോഡുകളിൽ ഓരോ വകുപ്പുകളും പ്രത്യേക പതിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയപാത 66 വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകളും പരാതികളും പാതയുടെ നിർമാണ വേളയിൽ തന്നെ പരിഹരിക്കണമെന്ന് പി.അബ്ദുൽ ഹമീദ് എം.എൽ.എ ആവശ്യപ്പെട്ടു. ഇടിമുഴിക്കൽ - തലപ്പാറ ഭാഗത്ത് ഗതാഗത സ്തംഭനം, മഴ വെള്ളം വീടുകളിൽ കയറൽ, ഗ്രാമീണ റോഡുകൾ അടയുക, വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ കഴിയാതെ വരിക, പൊടിശല്യം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇവ പരിഹരിക്കുന്നതിനായി ദേശീയപാതാ അതോറിറ്റി അധികൃതർ ജനപ്രതിനിധികളോടൊപ്പം സ്ഥലം സന്ദർശിച്ച് പരിഹാരം കാണണം.

ക്വാറികൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ ജിയോളജി വകുപ്പിൽ കെട്ടിക്കിടക്കുകയാണെന്നും ഇത് ജില്ലയിലെ നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നുള്ള മലിനജലം റോഡിലേക്കൊഴുകുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ കോളേജ് അധികൃതർ യു.എ ലത്തീഫ് എം.എൽ.എയെ അറിയിച്ചു. പെരിന്തൽമണ്ണ-വളാഞ്ചേരി പാതയിൽ അങ്ങാടിപ്പുറം മുതൽ വെങ്ങാട് വരെയുള്ള ഭാഗത്ത് റോഡ് തകർന്നത് താൽക്കാലികമായി പരിഹരിച്ചതായും ഭരണാനുമതി ലഭിച്ചാൽ ഉടൻ തന്നെ അറ്റകുറ്റപ്പണികൾ നടത്തി കുഴികൾ നികത്തുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.

പൊന്നാനി- മഞ്ചേരി, പൊന്നാനി- ആൽത്തറ- എറണാകുളം ജെട്ടി റൂട്ടുകളിൽ നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പി. നന്ദകുമാർ എം.എൽ.എയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. കിഡ്‌നി രോഗികൾക്ക് ഡയാലിസിസിന് സഹായധനം നൽകുന്ന പദ്ധതി ഏറ്റെടുക്കുന്നതിന് നിർവഹണോദ്യോഗസ്ഥരായ മെഡിക്കൽ ഓഫീസർമാർ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ആവശ്യപ്പെട്ടു. ജില്ലയിലെ വൈദ്യുത മീറ്റർ ക്ഷാമം പരിഹരിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടു.

ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ കെട്ടിക്കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നതായും നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കി വാഹനങ്ങൾ വിട്ടുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പി. ഉബൈദുല്ല എം.എൽ.എ ആവശ്യപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനായി ജില്ലയിൽ ഒരു പോൾ മൗണ്ടിംഗ് ചാർജിംഗ് സ്റ്റേഷന്റെ നിർമാണം പൂർത്തീകരിച്ചതായും രണ്ടെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നതായും എം.എൽ.എയുടെ ചോദ്യത്തിന് ഉത്തരമായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

നിലവിലുള്ള അദ്ധ്യാപക ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ എൽ.പി.എസ്.ടി തസ്തികയിൽ 733 പേർക്ക് നിയമന ശിപാർശ ലഭിച്ചിട്ടുണ്ടെന്നും ഇവർക്ക് ഉടൻ തന്നെ നിയമന ഉത്തരവ് നൽകുമെന്നും ടി.വി ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

ആധാർ നമ്പർ വോട്ടർ പട്ടികയുമായി ചേർക്കുന്നതിന് എല്ലാ വകുപ്പു ജില്ലാ മേധാവികളും കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം മെഹറലി യോഗത്തിൽ ആവശ്യപ്പെട്ടു. പട്ടികവർഗ്ഗ ബദൽ സ്‌കൂൾ സംവിധാനം സർക്കാർ നിർത്തലാക്കിയ സാഹചര്യത്തിൽ കോളനികളിൽ അംഗൻവാടികൾ/പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ പ്രവൃത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് ജില്ലാതലത്തിൽ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, വിദ്യാഭ്യാസ ഉപഡയറക്ടർ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, വിമൺ ആന്റ് ചൈൽഡ് ഡവലപ്‌മെന്റ് ഓഫീസർ, എസ്.എസ്.കെ ജില്ലാ കോർഡിനേറ്റർ എസ്.എസ്.കെ. എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച് ആയത് ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.

പട്ടികജാതി, പട്ടിക വർഗ്ഗ, തീരദേശ മേഖലകളിലുള്ള മുഴുവൻ യുവതീ-യുവാക്കളേയും എംപ്ലോയെന്റ്എക്‌സ്‌ചേഞ്ചിൽ പേര് റജിസ്റ്റർ ചെയ്യിക്കുന്നതിനും കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ വൺടൈം റജിസ്‌ട്രേഷൻ നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയം തീരദേശങ്ങളിലും പട്ടികജാതി/പട്ടികവർഗ്ഗ ഉദ്യോഗാർത്ഥികളുടെ സാന്ദ്രത കൂടിയ മേഖലകളിലും രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് താനൂർ, തേഞ്ഞിപ്പലം, വെട്ടം, നിറമരുതൂർ, കുറ്റിപ്പുറം, എടപ്പാൾ, വെളിയങ്കോട്, പെരുമ്പടപ്പ്, ചേലേമ്പ്ര, കൊണ്ടോട്ടി എന്നിവിടങ്ങളിൽ ക്യാമ്പ് രജിസ്‌ട്രേഷൻ നടത്തിക്കഴിഞ്ഞതായും തൃക്കലങ്ങോട് വെച്ച് ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചതായും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ യോഗത്തിൽ അറിയിച്ചു. മുണ്ടക്കടവ് പട്ടിക വർഗ കോളനിവാസികളുടെ പുനരിവാസത്തിന് നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈൽ മൂത്തേടം ആവശ്യപ്പെട്ടു.

സർക്കാർ വകുപ്പുകളുടെ കീഴിൽ നടന്നു വരുന്ന പ്ലാൻ സ്‌കീമുകളുടെ പദ്ധതി വിഹിതം ചെലവഴിച്ചതിന്റെ പുരോഗതി റിപ്പോർട്ടും കോട്പ (പുകയില നിയന്ത്രണ നിയമം 2003) നടപ്പാക്കിയിന്റെ പുരോഗതിയും യോഗത്തിൽ വിലയിരുത്തി. മുൻകൂട്ടി അറിയിക്കാതെ ജില്ലാ തല ഉദ്യോഗസ്ഥർ തുടർച്ചയായ രണ്ടു ജില്ലാ വികസന സമിതി യോഗങ്ങളിൽ ഹാജരായില്ലെങ്കിൽ അവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പു മേധാവിക്ക് കത്തയക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.