കരുതലിന്റെ കരം നീട്ടാൻ ചെമ്പിലോട് അൻപ് ആർമി

post


രജിസ്ട്രേഷൻ തുടങ്ങി


സാന്ത്വന ചികിത്സ, ഗർഭകാല പരിചരണം, പ്രസവ ശുശ്രൂഷ എന്നിവക്കായി ചെമ്പിലോട് ഗ്രാമപഞ്ചായത്ത് 'അൻപ് ആർമി' രൂപീകരിക്കുന്നു. അൻപ് ആർമി സേനാംഗങ്ങൾക്കായുള്ള രജിസ്ട്രേഷൻ തുടങ്ങി. പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 25 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സേനയിൽ അംഗങ്ങളാവാം. താൽപര്യമുള്ളവർ കുടുബശ്രീ മിഷൻ വഴിയോ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യണം.

ഇവരിൽ നിന്ന് മികച്ച പ്രവർത്തനം നടത്താൻ കഴിയുന്നവരെ തെരഞ്ഞെടുക്കും ഇവർക്ക് ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശീലനം നൽകും. പ്രഷർ പ്രമേഹ പരിശോധന, രോഗീപരിചരണം, എന്നിവയിലാണ് പരിശീലനം നൽകുക. ബോധവത്കരണ ക്ലാസുകളും നടത്തും. പഞ്ചായത്ത് പരിധിയിലെ രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് പ്രാഥമിക പട്ടിക തയ്യാറാക്കും. ആദ്യഘട്ടത്തിൽ കിടപ്പ് രോഗികൾക്കാണ്' സേവനം ലഭ്യമാവുക. ഫോൺ വിളിച്ചാലുടൻ വളണ്ടിയർമാർ വീടുകളിലെത്തും.

ഏറെ പേർക്ക് സഹായകരമാവുന്ന ഈ പദ്ധതിക്ക് ഒരു ലക്ഷം രൂപ വകയിരുത്തിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ പറഞ്ഞു. രോഗികൾ ആഗ്രഹിക്കുംവിധം ശ്രദ്ധാപൂർവമായ പരിചരണവും സ്നേഹവും ഉറപ്പു വരുത്താൻ അൻപ് ആർമി പ്രവർത്തകർക്ക് കഴിയും വിധമാണ് പരിശീലനം. സെപ്റ്റംബർ അവസാനത്തോടെ പദ്ധതി പ്രാവർത്തികമാക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്.