ഇരിക്കൂറിൽ വനിതകൾക്കായി അപ്പാരൽ പാർക്ക് ഒരുങ്ങുന്നു

post

സ്ത്രീകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അപ്പാരൽ പാർക്ക് നിർമ്മിക്കുന്നു. ഇതിനായി മലപ്പട്ടം ടൗണിൽ കെട്ടിടം നിർമ്മിക്കും. പ്രവൃത്തി വേഗത്തിൽ ആരംഭിച്ച് ഒരു വർഷത്തിനകം പാർക്ക് യാഥാർഥ്യമാക്കും.

വനിതകളുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനമാണ് ലക്ഷ്യം. ഇതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22, 2022-23 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി 43 ലക്ഷം രൂപ മാറ്റിവെച്ചിട്ടുണ്ട്.

മലപ്പട്ടത്തെ 60 സെന്റ് സ്ഥലത്താണ് 750 ചതുരശ്ര അടിയിൽ ഒരുനില കെട്ടിടം നിർമ്മിക്കുക. ഹാളും ശുചിമുറി ബ്ലോക്കുമാണ് ഇവിടെയുണ്ടാവുക. യൂനിറ്റുകൾ വർധിക്കുന്നതനുസരിച്ച് ഇരുനില കെട്ടിടമായി മാറ്റും. ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കുന്ന കുടുംബശ്രീ പ്രവർത്തകരുടെ യൂണിറ്റാണ് പാർക്കിൽ പ്രവർത്തിക്കുക. ഒരു യൂനിറ്റിൽ മൂന്നു മുതൽ ആറ് പേർ വരെ ഉണ്ടാകും. ആദ്യഘട്ടത്തിൽ 15 പേർക്കും ഭാവിയിൽ 100 പേർക്കും തൊഴിൽ ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

ആധുനിക രീതിയിലുള്ള തയ്യൽ യന്ത്രങ്ങളും അനുബന്ധ വസ്തുക്കളും ആദ്യഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്ത് വാങ്ങി നൽകും. വനിതകൾക്കായുള്ള വസ്ത്രങ്ങളാണ് തുടക്കത്തിൽ നിർമിക്കുക. ഇതിനായുള്ള തുണിത്തരങ്ങളും ലഭ്യമാക്കും. ധർമ്മശാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ സഹായത്തോടെ തെരഞ്ഞെടുത്ത യൂണിറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചെയർമാനും സെക്രട്ടറി വൈസ് ചെയർമാനുമായ ബ്ലോക്ക് വ്യവസായ വികസന സൊസൈറ്റിയുടെ കീഴിലാണ് അപ്പാരൽ പാർക്കിലെ യൂണിറ്റുകൾ പ്രവർത്തിക്കുകയെന്ന് ബ്ലോക്ക് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് പറഞ്ഞു.