പ്ലാസ്റ്റിക്ക് മുക്ത വയനാട്; സൈക്കിൾ റാലി സംഘടിപ്പിച്ചു

post

ലോക ടൂറിസം വാരാചരണത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് ബോധവൽക്കരണ സന്ദേശമുയർത്തി വയനാട് ബൈക്കഴ്സ് ക്ലബ്ബ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി സഹകരിച്ച് സൈക്കിൾ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച സൈക്കിൾ റാലി ഡി.ടി.പി.സി സീനിയർ മാനേജർ സി.ആർ. ഹരിഹരൻ ഫ്ലാഗ് ഓഫ് ചെയ്തു.

ചുരത്തിലും പരിസരപ്രദേശങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നത് നിരവധി ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങാളാണ് ഉണ്ടാക്കുന്നത്. ജില്ലയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളിലേറെയും ഭക്ഷണം കഴിക്കാൻ തിരഞ്ഞെടുക്കുന്നത് വയനാട് കവാടം മുതൽ വൈത്തിരി വരെയുള്ള പൊതുനിരത്തുകളെയാണ്. ഇത്തരക്കാർ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, തെർമോക്കോൾ പേപ്പർ ഉൽപന്നങ്ങൾ മുതലായവ വഴിയിൽ ഉപേക്ഷിക്കുന്നതും പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിലാണ് വയനാട് ബൈക്കഴ്സ് ക്ലബ്ബ് പ്ലാസ്റ്റിക് ബോധവൽക്കരണവുമായി രംഗത്തിറങ്ങിയത്.

ക്ലബ്ബിലെ മുപ്പത്തിയഞ്ചോളം വരുന്ന അംഗങ്ങൾ ജില്ലയുടെ കവാടം മുതൽ വൈത്തിരി വരെയുള്ള ഭാഗങ്ങളിൽ ഡി.ടി.പി.സിയുടെ ലഘുലേഖകൾ വിതരണം ചെയ്യുകയും ഡ്രൈവർമാർ, പൊതുജനങ്ങൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു.

പരിപാടിയുടെ ഭാഗമായി വരും ദിവസങ്ങളിൽ വയനാട് ബൈക്കേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയുടെ പ്രവേശന കവാടം മുതൽ വൈത്തിരി വരെയുള്ള പ്ലാസ്റ്റിക് ശേഖരിച്ച് ശാസ്ത്രീയ സംസ്കരണം നടത്തും. വയനാട് ബൈക്കേഴ്സ് ക്ലബ് ട്രഷറർ ടി. അബ്ദുൾ ഹാരിഫ് സൈക്കിൾ റാലിക്ക് നേതൃത്വം നൽകി.