കൊതുക് ജൈവിക നിയന്ത്രണ കാമ്പയിന് തുടക്കമായി

post

ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിന്റെയും ജില്ലാ മെഡിക്കൽ ഓഫിസിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന കൊതുക് ജൈവിക നിയന്ത്രണ കാമ്പയിന് തുടക്കമായി. പച്ചാളം പി.ജെ ആന്റണി സാംസ്കാരിക കേന്ദ്രത്തിലെ കിണറ്റിൽ ഗപ്പി മത്സ്യം നിക്ഷേപിച്ച് കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

രാസവസ്തുക്കൾ ഒഴിവാക്കി പ്രകൃതിക്ക്‌ ദോഷമല്ലാത്ത ജൈവനിയന്ത്രണ മാർഗങ്ങളിലൂടെയും ഉറവിട നശീകരണത്തിലൂടെയും കൊതുകുകളെ നശീകരിക്കാനാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജൈവ നിയന്ത്രണ മാർഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കും. കുടുംബശ്രീ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, റസിഡന്റ്സ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടപ്പിലാക്കുക.