വൈക്കത്തെ മാലിന്യ മുക്തമാക്കാൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം

post

മാലിന്യ മുക്തമായ വൈക്കമാണ് സ്വപ്നമെന്നും അതിനായി ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും സി.കെ ആശ എം.എൽ.എ. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ഹാളിൽ നടന്ന ബ്ലോക്കുതല ഹരിതസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ഉദ്ഘാടനത്തോടനുബന്ധിച്ച് വൈക്കത്തെ മാലിന്യമുക്ത നാടാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച മാലിന്യമുക്ത ബ്ലോക്ക്തല കർമ്മ പരിപാടിക്കും എം എൽ എ തുടക്കം കുറിച്ചു.

പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനം മുതൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകും. ബ്ലോക്കിലെ ആറു ഗ്രാമപഞ്ചായത്തുകളിലെയും ഹരിതകർമ സേനാംഗങ്ങളെയും, വി.ഇ.ഒമാരെയും, അസിസ്റ്റന്റ് സെക്രട്ടറിമാരെയും എം. എൽ.എ ആദരിച്ചു.