ചന്ദ്രനും ഓമനയ്ക്കും സ്വപ്നഭവനം യാഥാര്‍ഥ്യമായി; സന്തോഷത്തിന് സാക്ഷിയാകാനെത്തിയത് മുഖ്യമന്ത്രി

post

തിരുവനന്തപുരം : സ്വപ്നഭവനത്തിലേക്ക് കരകുളം ഏണിക്കര തറട്ട കാവുവിള വീട്ടില്‍ ചന്ദ്രനും ഓമനയും പുതുചുവടുകള്‍ വെച്ചപ്പോള്‍ സാക്ഷിയായി സന്തോഷം പങ്കിടാന്‍ ഒപ്പമെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനിലൂടെ രണ്ടുലക്ഷം വീടുകള്‍ കേരളമാകെ യാഥാര്‍ഥ്യമായതിന്റെ പ്രഖ്യാപന ദിനത്തിലാണ് ചന്ദ്രന്റെയും ഓമനയുടെയും വീട്ടില്‍ ഗൃഹപ്രവേശനത്തിന് സാക്ഷിയാകാന്‍ മുഖ്യമന്ത്രി എത്തിയത്.
ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി വീട്ടില്‍ നിന്ന് അടച്ചുറപ്പുള്ള സുരക്ഷിതഭവനം ലൈഫിലൂടെ യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ഓമനും ചന്ദ്രനും മകള്‍ രോഹിണിയും. ലൈഫിലൂടെ ലഭിച്ച നാലുലക്ഷം രൂപയായിരുന്നു വീടുനിര്‍മാണത്തിന് പ്രധാന ആശ്രയമായത്. സര്‍ക്കാരിനോടും വീട്ടിലെത്തിയ മുഖ്യമന്ത്രിയോടും നന്ദിയും കുടുംബം അറിയിച്ചു. ഒന്‍പതുമണിയോടെ വീട്ടിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങള്‍ക്ക് പ്രതീകാത്മക താക്കോല്‍ കൈമാറി ഗൃഹപ്രവേശന സമ്മാനം നല്‍കി. തുടര്‍ന്ന്, കുടുംബാംഗങ്ങളെക്കണ്ട് സന്തോഷം പങ്കുവെച്ചു. ചന്ദ്രനോടും ഓമനയോടും മകളോടും വിശേഷങ്ങള്‍ ചോദിച്ചശേഷം പാലുകാച്ചിന് സാക്ഷിയാകാന്‍ അടുക്കളയിലുമെത്തി. കാച്ചിയപാലും പഴവും മന്ത്രിമാര്‍ക്കും മറ്റുള്ളവര്‍ക്കും എടുത്തുനല്‍കിയശേഷം പഴം കഴിച്ചാണ് മുഖ്യമന്ത്രി വീട്ടില്‍നിന്നിറങ്ങിയത്.
തുടര്‍ന്ന് നാട്ടുകാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് മാധ്യമപ്രവര്‍ത്തകരോടും ലൈഫിനെപ്പറ്റി സംസാരിച്ചശേഷമാണ് മടങ്ങിയത്. ലൈഫ് മിഷനിലൂടെ വീടുകള്‍ യാഥാര്‍ഥ്യമായ 2,14,000 പരം കുടുംബങ്ങളുടെ സന്തോഷത്തിലും ആത്മനിര്‍വൃതിയിലും നമുക്ക് ഒരുമിച്ച് പങ്കുചേരാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ എ.സി. മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, സി. ദിവാകരന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, നവകേരളം കര്‍മപദ്ധതി കോഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസ്, മുഖ്യമന്ത്രിയുടെ വികസന ഉപദേഷ്ടാവ് സി.എസ്. രഞ്ജിത്ത്, നെടുമങ്ങാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില, മറ്റു രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.