സ്ത്രീ ശാക്തീകരണം ലക്ഷ്യം; സുദൃഢം ക്യാമ്പെയ്ന്‍ ജില്ലയില്‍ പരോഗമിക്കുന്നു

post

കുടുംബശ്രീയില്‍ ഇനിയും അംഗത്വം എടുക്കാത്തവര്‍ക്ക് അംഗമാകാനുള്ള അവസരം ഒരുക്കുന്ന സുദൃഢം ക്യാമ്പെയ്ന്‍ ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്തലത്തിലും പൊതുസഭകള്‍ പൂര്‍ത്തിയാക്കി പുതിയ 70 അയല്‍കൂട്ടങ്ങള്‍ രൂപീകരിച്ചു. കുടുംബശ്രീയുടെ 25 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് കുടുംബശ്രി മിഷന്‍ ക്യാമ്പെയ്ന്‍ നടത്തുന്നത്. പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കുക, പുതിയ അയല്‍ക്കൂട്ടാംഗങ്ങളെ ഉള്‍പ്പെടുത്തുക, നിഷ്‌ക്രിയമായ അയല്‍ക്കൂട്ടങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുക, അയല്‍ക്കൂട്ട അംഗങ്ങളില്‍ കണക്കെഴുത്ത് പരിശീലനം നടത്തുക തുടങ്ങിയവയാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ഒക്ടോബര്‍ 5 വരെയാണ് ക്യാമ്പെയ്ന്‍. പുതുതായി ചേരുന്ന ആളുകളുടെ വിവരങ്ങള്‍ ദേശീയ ഉപജീവന മിഷന്റെ പോര്‍ട്ടലില്‍ ചേര്‍ക്കും. സിഡിഎസ് , എഡിഎസ് തലങ്ങളില്‍ യോഗം ചേര്‍ന്ന് സര്‍വേ നടത്തിയാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. സെപ്റ്റംബര്‍ 30 ന് മുന്‍പായി ക്യാമ്പെയ്ന്‍ പൂര്‍ത്തീകരിച്ച് റിപോര്‍ട്ട് സംസ്ഥാന മിഷന് കൈമാറാനാണ് ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നത്.

കുടുംബശ്രി ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍, അസിസ്റ്റന്റ് ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ വാസു പ്രദീപ്, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപയിന്‍ പ്രവര്‍ത്തനം. സിഡിഎസ്‌കളില്‍ പുതിയ അയല്‍ക്കൂട്ടങ്ങള്‍, വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പുകള്‍, അയല്‍കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് എന്‍ട്രോള്‍മെന്റ് മേളകള്‍ എന്നിവയും ക്യാമ്പെയ്ന്റെ ഭാഗമായി സംഘടിപ്പിക്കും.