ലഹരി നിര്‍മാര്‍ജ പ്രവര്‍ത്തനങ്ങളില്‍ നാട് മുഴുവന്‍ ഒന്നിക്കണം

post

ലഹരി വിമുക്ത കേരളം ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു



ലഹരിവസ്തുക്കളെ എന്നെന്നേക്കുമായി തുടച്ച് നീക്കാനുള്ള ദൗത്യത്തില്‍ നാട് മുഴുവന്‍ ഒരുമിക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിമുക്ത കേരളം ജില്ലാതല പരിപാടി നായന്‍മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവിധ ആഘോഷങ്ങളില്‍ മുഴുകുമ്പോഴും ലഹരി വസ്തുക്കളെ നിര്‍മാര്‍ജനം ചെയ്യുന്നതിനായിരിക്കണം എന്നും പ്രാധാന്യം നല്‍കേണ്ടത്. ലഹരി ഉപയോഗിക്കില്ലെന്ന് എല്ലാവരും സ്വയം ഉറപ്പുവരുത്തണമെന്നും ചുറ്റുമുള്ളവരെയും ലഹരി വിമുക്ത പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഡി.ബാലചന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ ഹരിദാസ് പാലക്കീല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല പരിപാടി പ്രദര്‍ശിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ഹ്രസ്വ വീഡിയോ പ്രദര്‍ശനവും നടത്തി.