ലഹരിക്കെതിരായ പോരാട്ടം; വിദ്യാര്‍ത്ഥികള്‍ നാടിന്റെ തേരാളികളാകണം

post

ലഹരിക്കെതിരായുള്ള പോരാട്ടത്തിലും പ്രതിരോധത്തിലും വിദ്യാര്‍ത്ഥികള്‍ നാടിന്റെ തേരാളികളാകണമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, വയനാട് ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ പനങ്കണ്ടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഗാന്ധി ജയന്തിവാരാഘോഷം- ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിക്ക് അടിമകളാകുന്ന യുവതലമുറ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും നന്മയുടെ വേരുകളാണറക്കുന്നത്. ആരെയും തിരിച്ചറിയാനാവാത്തവിധം സമൂഹത്തിലാകെ കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. ഇതിനെയെല്ലാം ശക്തമായി പ്രതിരോധിക്കാന്‍ കുട്ടികളും യുവ തലമുറയും മുന്നിട്ടിറങ്ങേണ്ട സമയമാണിതെന്നും മന്ത്രിപറഞ്ഞു.


സമൂഹത്തെയാകെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന തരത്തില്‍ അതിമാരകമായ ലഹരി മരുന്നുകള്‍ അന്യ നാടുകളില്‍ നിന്നും കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തുകയാണ്. അന്തര്‍ ദേശീയ റാക്കറ്റുകളാണ് ഇതിന് പിന്നിലുള്ളത്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള പുതുതലമുറയാണ് ലഹരി മാഫിയകളുടെ ലക്ഷ്യം. ഒരിക്കല്‍ അടിമപ്പെടുന്നതോടെ ലഹരി മരുന്നുകളുടെ വാഹകരും പ്രചാരകരുമായി ഈ കണ്ണികള്‍ സമൂഹത്തിലാകെ വളരുകയാണ്. ഇതിനെ ചെറുത്ത് നില്‍ക്കാന്‍ വിദ്യാലയങ്ങളും കലാലയങ്ങളും ജാഗ്രത പുലര്‍ത്തണം.

ഉയര്‍ന്ന മൂല്യബോധവും സാംസ്‌കാരികതയും ചിന്താഗതിയുമുള്ള രാജ്യത്തെ സാമൂഹികമായും സാമ്പത്തികമായും നശിപ്പിക്കുക എന്നത് കൂടിയാണ് വന്‍കിട ലഹരിമാഫിയകളുടെ ലക്ഷ്യം. കോടിക്കണക്കിന് രൂപയുടെ അതിനൂതനവും മാരകവുമായ ലഹരി മരുന്നുകളാണ് അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിന്നും ദിനം പ്രതി പിടികൂടുന്നതെന്നും മന്ത്രി പറഞ്ഞു.


ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ലഹരിമുക്തി നാടിന് ശക്തി കൈപ്പുസ്തകം ചടങ്ങില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെയുള്ള ഒറ്റയാന്‍ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ പനങ്കണ്ടി സ്‌കൂളിലെ നാലാംതരം വിദ്യാര്‍ത്ഥി സാനന്ദ് കൃഷ്ണയ്ക്കും വിവിധ മത്സരവിജയകള്‍ക്കും ജില്ലാ കളക്ടര്‍ എ.ഗീത സമ്മാനദാനം നടത്തി. നീലഗിരി കോളേജ് അക്കാദമിക് ഡീന്‍ പ്രൊഫ. ടി.മോഹന്‍ബാബു മുഖ്യപ്രഭാഷണം നടത്തി.