ലഹരി വിരുദ്ധ ക്യാമ്പയിന്‍ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

post

ലഹരി ഉപയോഗത്തിനെതിരെ ക്യാമ്പസുകളിലൂടെയുള്ള സുശക്ത പ്രചരണവും ബോധവത്കരണവും അനിവാര്യതയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, എസ്.എന്‍. വനിത കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ശ്രീനാരായണ വനിതാ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് ഉപയോഗം വ്യാപിക്കാതിരിക്കാനുള്ള മുന്‍കരുതലാണ് പ്രധാനം. ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. സാമ്പത്തിക താത്പര്യങ്ങള്‍ ലഹരി കച്ചവടത്തിന് പിന്നിലുണ്ടെന്ന് തിരിച്ചറിയണം. സമൂഹത്തെയാകെ കാര്‍ന്നു തിന്നുന്ന വിപത്താണത്. മനുഷ്യരാശി ആര്‍ജ്ജിച്ച നേട്ടങ്ങളെയൊക്കെ ഇല്ലാതാക്കി പ്രാകൃതമായ അവസ്ഥയിലേക്ക് തിരികെ നടത്താനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഇന്നത്തെ തലമുറ. ഇതു മുന്നില്‍ക്കണ്ടാണ് സര്‍ക്കാര്‍ ലഹരിക്കെതിരെയുള്ള നിലപാട് കര്‍ക്കശമാക്കിയത്. ഈ വിപത്ത് നേരിടാന്‍ ജില്ലയൊട്ടാകെ വ്യത്യസ്ത പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അധ്യക്ഷയായി.നിരന്തരമായ ബോധവത്ക്കരണങ്ങളിലൂടെ മാത്രമേ ലഹരിയെന്ന വിപത്തിനെ സമൂഹത്തില്‍ നിന്ന് തുടച്ചുമാറ്റാന്‍ സാധിക്കുകയുള്ളൂ എന്ന് മന്ത്രി പറഞ്ഞു. ലഹരിയുടെ പിടിയില്‍ നിന്ന് യുവതലമുറയുടെ ഭാവി സംരക്ഷിക്കേണ്ട കടമ ഓരോ പൗരനിലും നിക്ഷിപ്തമാണെന്നും വ്യക്തമാക്കി.

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എസ്. എന്‍ വനിതാ കോളേജില്‍ നടപ്പിലാക്കുന്ന 15 പദ്ധതികളും ലഹരിക്കെതിരെ കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം തയ്യാറാക്കിയ ലോഗോയും മന്ത്രിമാര്‍ പ്രകാശനം ചെയ്തു.

എം. നൗഷാദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, എസ്.എന്‍ വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍. സുനില്‍കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ്. ദിലീപ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.