റീബൂട്ട് കേരള ഹാക്കത്തോണിലൂടെ നവകേരള നിര്‍മ്മിതിക്ക് പുത്തന്‍ ആശയങ്ങളുമായി വിദ്യാര്‍ഥികള്‍

post

പാലക്കാട് : ലക്കിടി ജവഹര്‍ലാല്‍ കോളെജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ നടക്കുന്ന അസാപ്പ് റീബൂട്ട് കേരള ഹാക്കത്തോണില്‍ നവകേരള നിര്‍മ്മിതിക്കായി ആശയങ്ങള്‍ വികസിപ്പിച്ച് വിദ്യാര്‍ഥികള്‍. ജല, പരിസ്ഥിതി വകുപ്പുകള്‍ നേരിടുന്ന  പ്രശ്നപരിഹാരങ്ങള്‍ ലക്ഷ്യമിട്ട് നടത്തുന്ന ഹാക്കത്തോണ്‍ തുടര്‍ച്ചയായ 36 മണിക്കൂറുകള്‍ പിന്നിടുന്നു. ഓണ്‍ലൈന്‍ ഹാക്കത്തോണില്‍ മികച്ച പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചവരില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 30 ടീമുകളാണ് മത്സരിക്കുന്നത്. പരിസ്ഥിതി മലിനീകരണവും ദുരന്തനിവാരണവും അവയെ നേരിടാനുള്ള മുന്‍കരുതലുകളും, ജലശുദ്ധീകരണ പ്രക്രിയ തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഹാക്കത്തോണ്‍ പൂര്‍ത്തിയാകുമ്പോഴേക്കും നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമാര്‍ഗങ്ങള്‍ ലഭിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
വിദ്യാര്‍ഥികളുമായി സംവദിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനുമായി ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹാക്കത്തോണ്‍ വേദിയിലെത്തി. കെ ഡി പ്രസേനന്‍ എം.എല്‍.എ, ഷാഫി പറമ്പില്‍ എം.എല്‍.എ, അസാപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വീണ എന്‍ മാധവന്‍,  പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നരേന്ദ്രനാഥ് വേലൂരി, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.ആര്‍ ചന്ദ്രകുമാര്‍, ചെറുകിട വ്യവസായ കൗണ്‍സില്‍ പ്രസിഡണ്ട് വി രവീന്ദ്രന്‍,  ജില്ലാ ഇന്‍ഡസ്ട്രീസ് കൗണ്‍സില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സലീന, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി ടെക്നിക്കല്‍ ഓഫീസര്‍ സന്തോഷ്‌കുമാര്‍, സി.ദിനചന്ദ്രന്‍, കെ. സുരേഷ്, കെ. ഗോപന്‍ തുടങ്ങിയവരാണ് സന്ദര്‍ശിച്ചത്. രണ്ട് ദിവസത്തെ ഹാക്കത്തോണ്‍ ചര്‍ച്ചക്കൊടുവില്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ പരിഹാരങ്ങള്‍ വിലയിരുത്തി മികച്ച 15 ടീമുകളെ തെരഞ്ഞെടുക്കും. മികച്ച മൂന്ന് ടീമുകള്‍ക്കു ക്യാഷ് അവാര്‍ഡും നല്‍കും. ഇന്ന് (മാര്‍ച്ച് ഒന്ന്) ഉച്ചയ്ക്ക് 12 ന് നടക്കുന്ന സമാപനത്തില്‍  വി. കെ. ശ്രീകണ്ഠന്‍ എം.പി. മുഖ്യാതിഥിയാകും.  ഉന്നത വിദ്യാഭ്യാസ- പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, അസാപ്പ് സി.ഇ ഓ  വീണ എന്‍. മാധവന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.