വിദ്യാഭ്യാസരംഗത്തുണ്ടാകുന്നത് വലിയ മാറ്റങ്ങള്‍: മുഖ്യമന്ത്രി

post

'സര്‍ഗവായന, സമ്പൂര്‍ണ വായന' സമ്പൂര്‍ണ ക്ലാസ്‌റൂം ലൈബ്രറി പ്രഖ്യാപനം നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങളാണുണ്ടാകുന്നതെന്നും കമ്പ്യൂട്ടര്‍ ലാബും ക്ലാസ് തല ലൈബ്രറിയുമായി ക്ലാസ്മുറികള്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലാകുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 'സര്‍ഗവായന, സമ്പൂര്‍ണ വായന' പദ്ധതി സമ്പൂര്‍ണ ക്ലാസ്‌റൂം ലൈബ്രറി പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായന നല്ലതുപോലെ പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശ്യം. സമ്പൂര്‍ണ ക്ലാസ്‌റൂം ലൈബ്രറിയുടെ ഭാഗമായി ലഭിക്കുന്ന പുസ്തകങ്ങളെ അടുത്തറിയാന്‍ വിദ്യാര്‍ഥികള്‍ ശ്രമിക്കണം. അധ്യാപകരും പാഠപുസ്തകങ്ങളും നല്‍കുന്ന അറിവ് പ്രധാനമാണ്. അതിനൊപ്പം അറിവ് വര്‍ധിപ്പിക്കാന്‍ പുസ്തകത്തോളം ഉപകരിക്കുന്ന മറ്റൊന്നില്ല. ഏതു സാഹചര്യത്തിലുള്ളവരാണെങ്കിലും പുസ്തകവായന നല്‍കുന്ന അനുഭൂതി പ്രത്യേക തലത്തിലുള്ളതാണ്.

അച്ചടി വായനയ്‌ക്കൊപ്പം ഇലക്ട്രോണിക് വായനയും ഇപ്പോള്‍ സജീവമാണ്. എല്ലാത്തിനും അവസരമൊരുക്കാന്‍ ക്ലാസ് മുറികളില്‍ തന്നെ എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങുകയാണ്.

'സര്‍ഗവായന, സമ്പൂര്‍ണ വായന' പദ്ധതിക്കായി അഞ്ചുലക്ഷം പുസ്തകം ശേഖരിക്കാനാണ് കരുതിയതെങ്കിലും എട്ടുലക്ഷം പുസ്തകങ്ങള്‍ തിരുവനന്തപുരത്ത് നിന്നും ലഭിച്ചു. വിദ്യാഭ്യാസമേഖലയില്‍ നടത്തുന്ന ഗുണപരമായ കാര്യങ്ങള്‍ക്ക് നാടും നാട്ടുകാരും എത്രത്തോളം സഹായിക്കും എന്നതിന് ഉദാഹരണമാണിത്. ഇതിനൊപ്പം പ്രാദേശിക ലൈബ്രറികളില്‍നിന്നുള്ള പുസ്തകങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാനുള്ള നടപടി ജില്ലാ പഞ്ചായത്ത് കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ ക്ലാസുകളിലും ജൂണിന് മുമ്പ് ലൈബ്രറി സജ്ജീകരിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് പറഞ്ഞു. പുതിയ അധ്യയന വര്‍ഷത്തോടെ വലിയ മാറ്റങ്ങളിലേക്കാണ് വിദ്യാഭ്യാസമേഖല കടക്കുന്നത്. ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക്കാകുകയാണ്. ഏറ്റവും ആധുനിക വിദ്യാഭ്യാസം നല്‍കുകയാണ് ലക്ഷ്യം. ജനകീയത, മാനവികത, ആധുനികത എന്നിവയുടെ സങ്കലനമാണ് പൊതുവിദ്യാഭ്യാസയജ്ഞമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും എല്ലാ ക്ലാസ് റൂമുകളിലും ലൈബ്രറി സജ്ജീകരിക്കാനാണ് 'സര്‍ഗവായന, സമ്പൂര്‍ണ വായന' പദ്ധതി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചത്. 988 സ്‌കൂളുകളിലായി 10,681 ക്ലാസ് റൂമുകളില്‍ ലൈബ്രറി സജ്ജീകരിക്കുന്നതിനായി ഇതിനകം എട്ടുലക്ഷം പുസ്തകങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.