യോദ്ധാവ് പദ്ധതിയ്ക്ക് മികച്ച പ്രതികരണം; ജില്ലയിൽ ഇതുവരെ ലഭിച്ചത് 495 പരാതികൾ

post

ലഹരി ഉപയോഗവും വിതരണവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച യോദ്ധാവ് പദ്ധതിയിലൂടെ എറണാകുളം ജില്ലയിൽ ഇതുവരെ 495 പരാതികൾ ലഭിച്ചു. .ലഹരി വസ്തുക്കൾ വിൽപ്പനയോ വിതരണം ചെയ്യുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ തികച്ചും സ്വകാര്യമായി വിവരം അധികാരികളെ അറിയിക്കാൻ സാധിക്കും എന്നതാണ്  പ്രത്യേകത.

2021 ൽ സംസ്ഥാനമാകെ 824 പരാതികളും കൊച്ചി സിറ്റിയിൽ 113 പരാതികളും ലഭിച്ചു. 2022 ൽ ഇതുവരെ  147 പരാതികൾ കൊച്ചി സിറ്റിയിലും 1285 പരാതികൾ സംസ്ഥാനത്തും ലഭിച്ചു. ലഭിച്ച പരാതികൾ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്. ഒ .ജി ) വിഭാഗത്തിലുള്ള ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കും ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (DANSAF) നും കൈമാറി ആവശ്യമായ നടപടികൾ സ്വീകരിക്കും. പരാതി അറിയിക്കുന്നവർ തരുന്ന വിവരങ്ങൾ വ്യക്തതയോടെയും കൃത്യതയോടെയും നൽകാൻ ശ്രദ്ധിക്കണമെന്ന് യോദ്ധാവിന്റെ ജില്ലാ തല ചുമതല വഹിക്കുന്ന ആന്റി നാർക്കോട്ടിക്സ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ സലാം പറഞ്ഞു. സ്കൂൾ കുട്ടികൾക്കിടയിൽ ബോധവൽക്കരണ ക്ലാസുകൾക്കൊപ്പം യോദ്ധാവ് നമ്പറിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസുകൾ നൽകി വരുന്നു. ജനങ്ങൾ പദ്ധതിയുടെ പ്രാധാന്യം മനസിലാക്കുന്നതനുസരിച്ച് പരാതികളുടെഎണ്ണം കഴിഞ്ഞ വർഷങ്ങളുടേതിനേക്കാൾ വർദ്ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

9995966666 എന്നതാണ് യോദ്ധാവ് ആന്റി നാർകോടിക്സ് വാട്സ് ആപ്പ് നമ്പർ. നമ്പറിലേക്ക് വോയ്സ് മെസേജ്, ടെക്സ്റ്റ് മെസേജ്, ചിത്രങ്ങൾ എന്നിങ്ങനെയുള്ള രൂപത്തിൽ വിവരം അറിയിക്കാവുന്നതാണ്.