കുട്ടികളെ മയക്കുമരുന്നിനെ പ്രതിരോധിക്കാനുള്ള കവചമാക്കി മാറ്റണം

post

സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ തടയിടാന്‍ എന്‍.സി.സി., എസ്.പി.സി., എന്‍.എസ്.എസ്., സ്‌കൗട്ട് ആന്റ് ഗൈഡ്സ്, ജെ.ആര്‍.സി., വിമുക്തി ക്ലബ്ബുകള്‍ മുതലായ സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാതല ജനകീയ സമിതി യോഗം നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് അവരെ മയക്കുമരുന്നിനെ പ്രതിരോധിക്കാനുള്ള കവചമാക്കി മാറ്റണം. നിയമങ്ങള്‍ കര്‍ശനമാക്കിയാല്‍ മാത്രമേ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലെത്തുവെന്നും സമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.

ജില്ലാ കളക്ടറുടെ ചേംബറിലാണ് വ്യാജ മദ്യത്തിന്റെ ഉല്‍പ്പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള ജില്ലാതല ജനകീയ സമിതി യോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു.

ലഹരിക്കെതിരായ പ്രതിരോധം ഗ്രാമങ്ങളില്‍ തന്നെ തീര്‍ക്കണമെന്നും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരെയും വില്‍പ്പന നടത്തുന്നവരെയും ശ്രദ്ധയില്‍പ്പെട്ടാല്‍ അത് നിരീക്ഷിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. സെലിബ്രിറ്റികള്‍ക്കൊപ്പം കുട്ടികളെയും മുതിര്‍ന്നവരെയും കൂടുതല്‍ ആകര്‍ഷിക്കുന്ന വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തണം.

നിലവിലെ നിയമത്തില്‍ പഴുതുകള്‍ ഉണ്ടെന്നതിനാല്‍ നിയമം കര്‍ശനമാക്കുന്നതിന് വേണ്ട ഇടപെടല്‍ കേരളത്തില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും എം.പി പറഞ്ഞു. സമിതി കണ്‍വീനര്‍ കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഡി.ബാലചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പോലീസ് വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഡി.വൈ.എസ്.പി എ.സതീഷ് കുമാര്‍ വിശദീകരിച്ചു.

വ്യാജ മദ്യത്തിനും, മയക്കുമരുന്നിന്റെ ദുരുപയോഗത്തിനുമെതിരെ നടത്തേണ്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. വീടുകള്‍ കേന്ദ്രീകരിച്ചുള്ള ചാരായ വില്‍പ്പന തടയുക, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുക, വിദ്യാലയങ്ങള്‍ ലഹരിമരുന്ന് വിമുക്തമായി പ്രഖ്യാപിക്കുക, ഗ്രാമസഭകളുടെ സഹായത്തോടുകൂടി താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ സെലിബ്രേറ്റുകളുടെ സഹായം തേടുക, സ്‌കൂള്‍ പരിസരങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത,

അസി.എക്സൈസ് കമ്മീഷണര്‍ എസ്.കൃഷ്ണകുമാര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി.എസ്.ഐസക്, രാഷ്ട്രീയ പ്രതിനിധികളായ മൂസാ.ബി.ചെര്‍ക്കള, കരുണ്‍ താപ്പ, എം.ഉമ, കെ.കുഞ്ഞിരാമന്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ യു.തമ്പാന്‍, പി.ജി.ദേവ്, ഷെരീഫ് കൊടവഞ്ചി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് പൊലീസിന് യോദ്ധാവ് ഉള്‍പ്പടെയുള്ള നിരവധി മാര്‍ഗ്ഗങ്ങളിലൂടെ പരാതികള്‍ നല്‍കാം.യോദ്ധാവ് 9995966666, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഫോണ്‍ നമ്പര്‍ 9447178066, എക്സൈസ് ടോള്‍ ഫ്രീ 155358