ലോക കാഴ്ച ദിനം ആചരിച്ചു

post

ലോക കാഴ്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കുഴൽമന്ദം സാമൂഹികാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. പാലക്കാട് ജില്ലാ നേത്ര സംരക്ഷണ വിഭാഗം വളരെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്നും കാലാനുസൃതമായ മാറ്റങ്ങളും പരിഷ്‌കാരങ്ങളും പ്രശംസനീയമാണെന്നും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയാണ് ഇത് സാധ്യമാക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്നതാണ് ഈ വർഷത്തെ സന്ദേശം.

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, അന്ധതാ നിവാരണ സൊസൈറ്റി, കുഴൽമന്ദം സാമൂഹികാരോഗ്യകേന്ദ്രം, അഹല്യാ കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ജില്ലാ ഒഫ്താൽമിക് സർജൻ ഡോ.എ. റോഹൻ ബോധവത്ക്കരണ ക്ലാസെടുത്തു. നേത്രപരിശോധന ക്യാമ്പും നടന്നു.