കണ്ണുകളെ സ്നേഹിക്കാൻ ഓർമിപ്പിച്ച് ലോക കാഴ്ചാദിനം ആചരിച്ചു

post

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ഒഫ്താൽമിക് യൂണിറ്റ്, ആരോഗ്യകേരളം, ഇടുക്കി മെഡിക്കൽ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇടുക്കി മെഡിക്കൽ കോളേജ് അക്കാദമിക് ബോക്കിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യൻ അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കൽ ആഫീസർ ഇൻ ചാർജ് ഡോ. സുരേഷ് വർഗീസ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പൊതുവായ നേത്ര രോഗങ്ങളെക്കുറിച്ചും കുട്ടികളിൽ ഉണ്ടാകുന്ന കാഴ്ച വൈകല്യങ്ങളും അവ തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും ഇടുക്കി മെഡിക്കൽ കോളേജ് ഓഫ്താൽമോളജിസ്റ്റ് ഡോ. സപ്ന ശശിധരൻ ബോധവത്കരണ ക്ലാസ്സ് നയിച്ചു. തുടർന്ന് നഴ്സിംഗ് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും കലാപരിപാടികളും അരങ്ങേറി.

നേത്രാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും അന്ധത, കാഴ്ചാവൈകല്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് ലോകമെമ്പാടും കാഴ്ചാ ദിനം ആചരിക്കുന്നത്. നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക' എന്നതാണ് ഈ വർഷത്തെ പ്രമേയം.