കുട്ടികളുടെ സ്വഭാവ രൂപീകരണത്തിനും അധ്യാപകർ ശ്രദ്ധിക്കണം

post

ക്ലാസ് മുറിയിലെ ഓരോ വിദ്യാര്‍ഥിയെയും അധ്യാപകര്‍ പ്രത്യേകം മനസിലാക്കമെന്നും അവരുടെ സ്വഭാവരൂപീകരണത്തിൽ ശ്രദ്ധിക്കണമെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍ പറഞ്ഞു. അധ്യാപകര്‍ സിലബസ് മാത്രം നോക്കാതെ കുട്ടികളുടെ സ്വഭാവ സവിശേഷതകള്‍ കൂടി മനസിലാക്കണം. തെറ്റ് കണ്ടെത്തുകയാണെങ്കില്‍ പരസ്യമായി വിചാരണ ചെയ്യാതെ രക്ഷിതാക്കളെ വിവരമറിയിക്കണമെന്നും സ്പീക്കർ പറഞ്ഞു.

തലശ്ശേരി വടക്കുമ്പാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയും പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി മരുന്നിനെതിരെ വിദ്യാര്‍ഥികള്‍ ജാഗ്രത പാലിക്കണം.

സ്‌കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ പോലും ലഹരിക്ക് അടിമപ്പെടുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. രാഷ്ട്ര നിര്‍മ്മാണത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കേണ്ടവരാണ് വിദ്യാര്‍ഥികള്‍. അതിനാല്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്കെതിരെ ജാഗ്രതയോടെ മുന്നേറാന്‍ വിദ്യാര്‍ഥികള്‍ക്കാകണം. മദ്യപിച്ചാല്‍ മറ്റുള്ളവർക്ക് മനസിലാകും. എന്നാല്‍ ഇന്ന് ഉപയോഗിച്ചാല്‍ മറ്റാര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത തരത്തിലുള്ള മയക്കുമരുന്നാണ് വിപണിയിലുള്ളത് - സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

കിഫ്ബി ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് നേരത്തെയുള്ള കെട്ടിടത്തിന്റെ ഒന്നാം നില നിര്‍മ്മിച്ചത്. ഒന്നാം നിലയില്‍ ആറ് ക്ലാസ് മുറികളാണുള്ളത്. ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. മൂന്നരക്കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുക. കെട്ടിടത്തിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യും.