ഇനി കാലാവസ്ഥ കുട്ടികളും പ്രവചിക്കും

post

കുട്ടിക്കളിയാണ് കാലാവസ്ഥ പ്രവചനമെന്ന് ഇക്കാലത്ത് ഒരാളും പറയില്ല. എന്നാല്‍ പാലയാട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്ക് കാലാവസ്ഥ പ്രവചനമെന്നത് ഒരു കളി പോലെയാണ്. ആസ്വദിച്ചും രസിച്ചും മനസ്സിലാക്കിയും ഗൗരവത്തോടെ ചെയ്യുന്ന ഒന്ന്. സ്‌കൂളില്‍ സ്ഥാപിച്ച വെതര്‍ സ്റ്റേഷനാണ് അതിനവര്‍ക്ക് സഹായം. കാറ്റിന്റെ ദിശയും മഴയുടെ വരവുമെല്ലാം മുന്‍കൂട്ടി അറിയാന്‍ ഈ വെതര്‍ സ്റ്റേഷന്റെ സഹായത്തോടെ കാലാവസ്ഥ നിരീക്ഷിക്കുകയാണ് അവര്‍.

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഭൂമിശാസ്ത്രം പഠന വിഷയമായുള്ള ജില്ലയിലെ 22 ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ വെതര്‍ സ്റ്റേഷന്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അരലക്ഷത്തിലേറെ രൂപ ചെവലില്‍ പാലയാട് സ്‌കൂളിലും വെതര്‍ സ്റ്റേഷന്‍ ആരംഭിച്ചത്. കാലാവസ്ഥ നിരീക്ഷണ സാധ്യതകളിലൂടെ ഭൂമിശാസ്ത്ര പാഠങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

അന്തരീക്ഷസ്ഥിതി സൂക്ഷ്മമായി അറിയാനും കാലാവസ്ഥയെ കുറിച്ച് കൂടുതല്‍ ധാരണ ഉണ്ടാക്കാനും കാലാവസ്ഥ മാറ്റങ്ങള്‍, വിവിധ അവസ്ഥകള്‍ എന്നിവ മനസിലാക്കാനും ഇതിലൂടെ സാധിക്കും. കാലാവസ്ഥ വ്യതിയാനം, പ്രകൃതി ദുരന്തങ്ങളുടെ സാധ്യത എന്നിവ നിരീക്ഷിക്കാനും പഠിക്കാനും വെതര്‍ സ്റ്റേഷന്റെ സഹായത്തോടെ കഴിയും. പാഠപുസ്തകങ്ങളില്‍ നിന്നുള്ള അറിവിനപ്പുറം അന്തരീക്ഷ സ്ഥിതി നേരിട്ട് നിരീക്ഷിച്ച് പഠിക്കുന്നതിന്റെ ഗുണം കുട്ടികള്‍ക്ക് ലഭിക്കും.

മഴയുടെ തോത് അളക്കാന്‍ ഉപയോഗിക്കുന്ന മഴ മാപിനി, കാറ്റിന്റെ തീവ്രത അളക്കാന്‍ കപ്പ് കൗണ്ടറും അനിമോ മീറ്ററും, കാറ്റിന്റെ ദിശ മനസ്സിലാക്കാന്‍ വിന്‍ഡ് വെയിന്‍, അന്തരീക്ഷത്തിലെ ആര്‍ദ്രത അളക്കാന്‍ വെറ്റ് ആന്‍ഡ് ഡ്രൈ ബള്‍ബ് തെര്‍മോമീറ്റര്‍, രണ്ടു സമയങ്ങള്‍ക്ക് ഇടയിലുള്ള കൂടിയതും കുറഞ്ഞതുമായ താപനില രേഖപ്പെടുത്താന്‍ സിക്‌സിന്റെ മാക്‌സിമം മിനിമം തെര്‍മോമീറ്റര്‍, നിരീക്ഷണ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജമാക്കിയ സ്റ്റീവന്‍ സണ്‍സ്‌ക്രീന്‍ തുടങ്ങി അന്തരീക്ഷ നിരീക്ഷണത്തിനായി ഇന്ത്യന്‍ മെറ്ററോളജിക്കല്‍ വകുപ്പ് ഉപയോഗിക്കുന്ന തരത്തിലുള്ള നിരവധി ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ജോഗ്രഫി അധ്യാപകന്‍ പി പി മഹീഷിന്റെ നേതൃത്വത്തിലാണ് സ്‌കൂളിലെ വെതര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം. സമഗ്രശിക്ഷാ കേരളത്തിനാണ് പദ്ധതിയുടെ ജില്ലയിലെ ഏകോപന ചുമതല.