കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു

post

2021-22 അടിസ്ഥാന വര്‍ഷമാക്കിയുള്ള പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് എമിറേറ്റ്സ് ഹോട്ടലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.എസ്.അഭിനേഷ് അദ്ധ്യക്ഷത വഹിച്ചു. സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ടി.പി.വിനോദന്‍ മുഖ്യപ്രഭാഷണം നടത്തി. ഐക്യരാഷ്ട്ര സംഘടനയുടെ ഉപഘടകമായ ഭക്ഷ്യ കാര്‍ഷിക സംഘടന നടത്തുന്ന ലോക കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി അഞ്ചു വര്‍ഷത്തെ ഇടവേളയിലാണ് സെന്‍സസ് നടത്തുന്നത്.

ദേശീയതലത്തില്‍ നടത്തുന്ന കാര്‍ഷിക സെന്‍സസിന്റെ കേരളത്തിലെ നടത്തിപ്പ് ചുമതല സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ്. സാമൂഹ്യ സാമ്പത്തിക ആസൂത്രണത്തിനും നയരൂപീകരണത്തിനും കാര്‍ഷിക സെന്‍സസ് ഡാറ്റ ഉപയോഗിച്ച് വരുന്നു. ജില്ലയിലുടനീളം 275 ഓളം താത്കാലിക എന്യുമറേറ്റര്‍മാരെ നിയമിച്ചാണ് വിവരശേഖരണം നടത്തുന്നത്. സ്മാര്‍ട്ട് ഫോണുകളും ടാബുകളും ഉപയോഗിച്ചാണ് ഭൂവിനിയോഗം, കൃഷിഭൂമി, കൃഷിരീതികള്‍ അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത്.