കൃഷി നാശം; നഷ്ടപരിഹാരമായി 41.08 ലക്ഷം നൽകി

post

2021 ഒക്ടോബർ, നവംബർ മാസങ്ങളിലെ അപേക്ഷകളിൽ കാഞ്ഞിരപ്പള്ളി ബ്ളോക്കിനു കീഴിലുള്ള കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി, എരുമേലി, കോരുത്തോട്, മണിമല, മുണ്ടക്കയം, പാറത്തോട് കൃഷിഭവനുകൾ വഴി 41.08 ലക്ഷം രൂപയുടെ 422 അപേക്ഷകൾ ലഭിച്ചതിൽ 393 അപേക്ഷകളിൽ ധനസഹായം നൽകി. കൃഷിനാശത്തിനുള്ള ധനസഹായമാണ് വിതരണം ചെയ്തത്. സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്നും സംസ്ഥാന സർക്കാരിൽനിന്നുമാണ് തുക അനുവദിച്ചത്.

കൂട്ടിക്കൽ കൃഷിഭവനിലെ 151 അപേക്ഷകർക്കായി 22.36 ലക്ഷം രൂപയും കാഞ്ഞിരപ്പള്ളി കൃഷിഭവനിലെ 17 അപേക്ഷകളിൽ 2.13 ലക്ഷം രൂപയും നൽകി. എരുമേലി കൃഷി ഭവനിലെ 61 അപേക്ഷകളിൽ 3.76 ലക്ഷം രൂപയും കോരുത്തോട് കൃഷി ഭവനിലെ 21 അപേക്ഷകളിൽ 81,618 രൂപയും അനുവദിച്ചു. മണിമല കൃഷിഭവനിലെ 27 അപേക്ഷകളിൽ 1.45 ലക്ഷം രൂപയും മുണ്ടക്കയം കൃഷിഭവനിലെ 81 അപേക്ഷകളിൽ 8.25 ലക്ഷം രൂപയും പാറത്തോട് കൃഷിഭവനിലെ 35 അപേക്ഷകളിൽ 2.28 ലക്ഷം രൂപയും ധനസഹായമായി അനുവദിച്ചു.

ഈരാറ്റുപേട്ട ബ്ളോക്കിലെ ഈരാറ്റുപേട്ട, മൂന്നിലവ്, പൂഞ്ഞാർ, പൂഞ്ഞാർ സൗത്ത്, തീക്കോയി, തലനാട്, തലപ്പലം, തിടനാട് കൃഷി ഭവനുകളിലായി 17.42 ലക്ഷം രൂപയും കൃഷിനാശത്തിനുള്ള ധനസഹായമായി അനുവദിച്ചു. 162 അപേക്ഷകളിലെ 157 എണ്ണത്തിനും ധനസഹായം അനുവദിച്ചപ്പോൾ രണ്ടെണ്ണം പുനഃപരിശോധനയ്ക്ക് അയച്ചു. പൂഞ്ഞാർ തെക്ക് കൃഷിഭവനിലെ 105 അപേക്ഷകളിൽ 15.31 ലക്ഷം രൂപ, പൂഞ്ഞാർ കൃഷി ഭവനിലെ എട്ട് അപേക്ഷകളിൽ 52,625 രൂപയും അനുവദിച്ചു. ഈരാറ്റുപേട്ട കൃഷിഭവൻ-4850 രൂപ, മൂന്നിലവ്-17750 രൂപ, തീക്കോയി 17050, തലനാട് 55987, തലപ്പലം 4765 രൂപ, തിടനാട് 58,488 രൂപയും കൃഷിനഷ്ടത്തിന് ധനസഹായം നൽകി.

2021 ഒക്ടോബർ, നവംബർ മാസത്തെ അപേക്ഷകളിൽ ജില്ലയിലെ കൃഷിവികസന ഓഫീസുകൾ വഴി 2.34 ലക്ഷം രൂപ വിള ഇൻഷുറൻസ് ഇനത്തിലും നഷ്ടപരിഹാരം നൽകി. ഈ കാലയളവിലെ 29 അപേക്ഷകളിൽ 29 എണ്ണത്തിലും ഇൻഷുറൻസ് നഷ്ടപരിഹാരം അനുവദിച്ചു.