ലഹരിമുക്ത നഗരസഭ; ജനകീയ പോരാട്ടവുമായി ബത്തേരി

post

നാടിന്റെ ഭാവിയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന മയക്കുമരുന്ന് ഉള്‍പ്പെ ടെയുളള ലഹരി വിപത്തുകള്‍ക്കെതിരെ ജനകീയ പ്രതിരോധമുയര്‍ത്തി ബത്തേരി നഗരസഭ. ലഹരിമുക്ത കേരളം സാധ്യമാക്കുന്നതിനുളള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ വിവിധ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സന്നദ്ധരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെ സംയോജിപ്പിച്ചുളള ലഹരിമുക്തസേന നഗരസഭയില്‍ രൂപീകരിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് അദ്ധ്യക്ഷനായും എക്സൈസ് വകുപ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അശോക് കുമാര്‍, പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബെന്നി എന്നിവര്‍ കണ്‍വീനര്‍മാരായുളള മുനിസിപ്പല്‍തല സമിതിയാണ് രൂപീകരി ച്ചത്.

ലഹരി വിരുദ്ധ ക്യാമ്പെയിന്റ ഭാഗമായി വിവിധ രീതിയിലുള്ള പ്രചരണ പരിപാടികള്‍ നഗരസഭ പരിധിയില്‍ നടത്തും. ഒക്ടോബര്‍ 22 ന് സ്വതന്ത്ര മൈതാനിയില്‍ ലഹരി വിരുദ്ധ ദീപം തെളിയിക്കും. 24 ന് മുഴുവന്‍ വീടുകളിലും 25 ന് നഗരസഭയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കും. ലഹരി വിരുദ്ധ പ്രതിജ്ഞ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍, സൈക്കിള്‍ റാലി തുടങ്ങിയവയും സംഘടിപ്പിക്കും. പോലീസ്, എക്സൈസ്, ആരോഗ്യ വിഭാഗം, സ്പോര്‍ട്സ് വിഭാഗം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സാമൂഹ്യ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.