ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളില്‍ ലഹരി വിരുദ്ധ ബോധവത്കരണം ശക്തമാക്കണം

post

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്ന് തുറമുഖ, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കേരളം കാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടത്തിയ പരിപാടികളുടെ അവലോകന യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു മന്ത്രി. പട്ടികജാതി, പട്ടികവര്‍ഗ കോളനികളില്‍ കുറേക്കൂടി പ്രാധാന്യം കൊടുക്കാന്‍ ശ്രദ്ധിക്കണം.

കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ പരിശോധനകള്‍ ഊര്‍ജിതമായി നടത്തണമെന്നും എല്ലാ വാര്‍ഡുകളിലും ഉടന്‍ ജാഗ്രതാ സമിതികള്‍ ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ടര്‍ഫുകള്‍, തട്ടുകടകള്‍ എന്നിവക്ക് സമയക്രമീകരണം വരുത്താനും ആരാധാനാലയങ്ങളുമായി ബന്ധപ്പെടുത്തി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു.