കൂളിക്കടവ് പാലം; ഏപ്രിലോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും

post

അഞ്ചരക്കണ്ടി പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന കൂളിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 2024 ഏപ്രിലോടെ പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനല്‍കിയ നാട്ടുകാര്‍ നാടിന്റെ വികസനത്തിനായി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു.

മാങ്ങാട്ടിടം പഞ്ചായത്തിനെയും മട്ടന്നൂര്‍ നഗരസഭയേയും ബന്ധിപ്പിക്കുന്ന കൂളിക്കടവ് പാലത്തിന് 6.4 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ചിരുന്നു. 79.2 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലും നിര്‍മ്മിക്കുന്ന പാലത്തിന് 20 മീറ്ററില്‍ രണ്ട് സ്പാനും 19.6 മീറ്ററില്‍ രണ്ട് സ്പാനുമാണുണ്ടാവുക. ഇരുവശത്തും 1.2 മീറ്റര്‍ വീതിയില്‍ നടപ്പാത, മാങ്ങാട്ടിടം, മട്ടന്നൂര്‍ ഭാഗങ്ങളില്‍ അനുബന്ധ റോഡുകള്‍, പാര്‍ശ്വഭിത്തി, ഡ്രെയിനേജ് എന്നിവയും ഒരുക്കും. പൊതുമരാമത്ത് ഡിസൈന്‍ വിഭാഗമാണ് പാലം രൂപകല്‍പന ചെയ്തത്. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.