തേനീച്ച കോളനി വിതരണം ചെയ്തു

post

ചക്കിട്ടപാറ പഞ്ചായത്തിലെ തേനിച്ച കൃഷി പ​ദ്ധതിയോടനുബന്ധിച്ചുള്ള തേനീച്ച കോളനിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ നിർവ്വഹിച്ചു. പഞ്ചായത്തും, സ്റ്റാർസ് കോഴിക്കോടും, നബാർഡും സംയുക്തമായി നടപ്പിലാക്കുന്ന തേനീച്ച കൃഷിയുടെ ഭാ​ഗമായാണ് കർഷകർക്ക് സൗജന്യമായി തേനീച്ച കോളനി വിതരണം ചെയ്യുന്നത്.

പഞ്ചായത്തിലെ ആയിരം കർഷകരെ ലക്ഷ്യം വച്ചുകൊണ്ടാണ് തേനിച്ച കൃഷി പ​ദ്ധതി ആരംഭിച്ചത്. തേനീച്ച നഴ്സറിയിലൂടെ കർഷകർക്ക് പരിശീലനം നൽകി അവരെ സംരംഭകരാക്കി ഉപജീവനത്തിനുള്ള വഴിയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ 300 പേർക്ക് പരിശീലനം നൽകി പെട്ടിയും തേനീച്ചയും വിതരണം ചെയ്തു. നവംബറിൽ ആരംഭിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 200 കർഷകർക്ക് പരിശീലനം നൽകും.

തേനീച്ച കൃഷി നടത്തി കൊണ്ടിരിക്കുന്ന കർഷകർക്ക് പ്രോത്സാഹനമായാണ് 1500 രൂപ വില വരുന്ന തേനീച്ച കോളനി സൗജന്യമായി നൽകിയത്. പഞ്ചായത്ത് സബ്സിഡിയിലാണ് തേനിച്ച കോളനി നൽകുന്നത്. കർഷകർക്ക് കൃത്യമായ പരിശീലനവും നൽകും.