അഴിമതിമുക്തവും ലഹരിവിമുക്തവുമായ സംസ്ഥാനമായി കേരളം മാറും: മുഖ്യമന്ത്രി

post

അഴിമതിക്കും ലഹരിക്കും എതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു സർക്കാർ സ്വീകരിക്കുന്നതെന്നും അഴിമതി മുക്തവും ലഹരിമുക്തവുമായ സംസ്ഥാനമായി കേരളത്തെ മാറ്റാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന അഴിമതിമുക്ത, ലഹരിമുക്ത പ്രചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗിരിദീപം കൺവെൻഷൻ സെന്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നാടിന്റെ ഭാവി പുരോഗതിക്ക് അഴിമതി പൂർണമായും തുടച്ചു നീക്കണം. ഈ കാഴ്ചപ്പാടോടെയാണു സർക്കാർ മുന്നോട്ടുപോകുന്നത്. നേതൃതലത്തിൽ അഴിമതി പൂർണമായും തുടച്ചുനീക്കാൻ നമുക്കു സാധിച്ചു. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടാകുന്നത് ഇല്ലാതെയാക്കണം. രാജ്യത്തിൽ ഏറ്റവും കുറവ് അഴിമതിയുള്ള സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളമെന്നത് അഭിമാനമാണ്. നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളും ബോധവൽക്കരണവും ഈ നേട്ടത്തിന് നമ്മളെ സഹായിച്ചു. അഴിമതിക്കു കൂട്ടുനിൽക്കാതിരിക്കാനും തുറന്നു കാണിക്കാനും എതിർക്കാനും നമുക്കു സാധിക്കണം. കുട്ടിക്കാലം മുതൽ ഇത് മനസിലാക്കിയാകണം പ്രവർത്തനങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.


മയക്കുമരുന്ന് ഉപഭോഗം സംസ്ഥാനത്ത് കൂടുന്ന സാഹചര്യമുണ്ട്. മയക്കുമരുന്നിന് ഇരകളാകുന്നവർക്കു മാനുഷിക വികാരങ്ങളും സ്വബോധവും നഷ്ടപ്പെടുന്നു. തെറ്റും ശരിയും തിരിച്ചറിയാൻ പറ്റാത്ത മാനസികാവസ്ഥയിൽ നടത്തുന്ന ക്രൂരകൃത്യങ്ങൾ ഇതിന്റെ ഭാഗമാണ്. മയക്കുമരുന്ന് ഉപയോഗത്തിന് എതിരായി വളരെ വിപുലമായ പ്രചാരണ പരിപാടികളാണു സർക്കാർ നടത്തിവരുന്നത്. 'നോ ടു ഡ്രഗ്' എന്ന സന്ദേശമുയർത്തിയുള്ള പ്രചരണ പരിപാടികളുടെ ഭാഗമായി നവംബർ ഒന്നിന് സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും മനുഷ്യചങ്ങല സംഘടിപ്പിക്കുകയാണ്. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ഉൾപ്പെടെ എല്ലാവരും ഇതിൽ പങ്കാളികളാകും. വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർ പരിപാടികളും നടക്കും. അഴിമതി മുക്തവും മയക്ക് മരുന്ന്മുക്തവുമായ നാടിനായി നമുക്കെല്ലാവർക്കും ഒന്നിച്ചു പ്രവർത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലിമിസ് കത്തോലിക്ക ബാവ മുഖ്യപ്രഭാഷണം നടത്തി. പ്രചാരണങ്ങളുടെ ഭാഗമായി തയ്യാറാക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ ക്ലാപ്പ് ഓൺ സിനിമാതാരം നിവിൻപോളി നിർവഹിച്ചു. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മനോജ് എബ്രഹാം, ഐ.ജി പി.എച്ച്. വെങ്കടേഷ്, എസ്.പി എ.എസ്. ബിജുമോൻ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനചടങ്ങിനനുബന്ധമായി അഴിമതിമുക്ത കേരളമെന്ന സന്ദേശമുയർത്തിയുള്ള സ്‌കിറ്റ്, സംഗീത പരിപാടി എന്നിവ അരങ്ങേറി.