ലഹരി ഉത്പന്നങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന വെല്ലുവിളികളും യുവതലമുറയെ ബോധ്യപ്പെടുത്തി ബോധ്യം 2022

post

ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന വിപത്തിനെക്കുറിച്ച് യുവ തലമുറയെ ബോധ്യപ്പെടുത്തി ബോധ്യം 2022. ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തിക്കൊണ്ട് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ ക്വിസ് ബോധ്യം പരിപാടി നടത്തി. പടന്നക്കാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. 

തുടര്‍ന്ന് വിവിധ കോളേജുകളിലെയും ബാലസഭാ കുട്ടികളുടെയും ലഹരി വിരുദ്ധ കലാപരിപാടികള്‍ നടത്തി. ആയിരത്തോളം വിദ്യാര്‍ഥികള്‍ അണിനിരന്ന് ലഹരിക്കെതിരെ മതിലുകള്‍ തീര്‍ത്തു. എന്‍.എ.എസി ഡയറക്ടര്‍ ഡോ.എന്‍.ടി സുപ്രിയ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹയര്‍സെക്കന്ററി, കോളേജുകളിലെ 110 വിദ്യാര്‍ഥികള്‍ ക്വിസ് മത്സരത്തില്‍ പങ്കെടുത്തു. വെള്ളിക്കോത്ത് ജി.വി.എച്ച്.എസ്.എസ് അധ്യാപകന്‍ രാജേഷ് സ്‌കറിയ ക്വിസ് മാസ്റ്ററായി.

നെഹ്റു ആട്സ് ആന്റ് സയന്‍സ് കോളേജ് നാസ്‌കിയന്‍ കൗണ്‍സിലിംഗ് സെന്ററിന്റെ സഹായത്തോടെ പത്തായിരം വിദ്യാര്‍ഥികളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കുക എന്നതാണ് ലഹരി വിരുദ്ധ ലഘുരേഖയിലൂടെ ലക്ഷ്യം വെക്കുന്നത്. ബോധ്യം ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥി മതില്‍ ഒരുക്കി അണിനിരന്നു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളുംപടന്ന എട്ടാം വാര്‍ഡ് ബാലവേദി കുട്ടികളുടെ രംഗ ശില്‍പവും അരങ്ങേറി.