അതിഥി തൊഴിലാളികൾ കേരളത്തിന്റെ മക്കൾ, ലഹരിവിരുദ്ധ പോരാട്ടത്തിൽ കൈകോർക്കുക

post

അതിഥി തൊഴിലാളികൾ കേരളത്തിന്റെ മക്കളാണെന്നും ലഹരി മരുന്നുകളുടെ പിടിയിൽനിന്ന് സ്വയം മോചിതരാവുകയും മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്തുകൊണ്ട് കേരളം നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടത്തിൽ കൈകോർക്കണമെന്നും തൊഴിൽ-പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതിഥി തൊഴിലാളികൾക്കിടയിലെ ലഹരി വിരുദ്ധ പ്രചാരണ പരിപാടിയായ കവചിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിലെ ലഹരി മരുന്നുകളുടെ വ്യാപന സാധ്യതകൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കും. ലഹരിവിമുക്തിയുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികൾക്ക് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കും. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളിലും അസി. ലേബർ ഓഫീസർമാർ നിരന്തരം സന്ദർശനം നടത്തും. ക്യാമ്പുകളിൽ ഏതെങ്കിലും തരത്തിലുള്ള ലഹരിപദാർഥങ്ങളുടെ ഉപഭോഗമോ വിനിമയമോ വ്യാപനമോ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് എക്സൈസ് വകുപ്പുകളുമായി ചേർന്ന് കർശന നടപടി സ്വീകരിക്കും.

ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്കും ലഹരി വിമുക്തിക്കും ആരോഗ്യവകുപ്പുമായി ചേർന്ന് പരിഹാരം കണ്ടെത്തും. കേരളത്തിന്റെ ഉൽപാദന വിതരണ സേവന മേഖലകളിൽ ഒഴിവാക്കാനാവാത്ത ഘടകമാണ് അതിഥി തൊഴിലാളികൾ. അതിഥി തൊഴിലാളികൾക്കായി മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത തരത്തിൽ ഒട്ടേറെ ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. അവർക്കിടയിൽ ഒറ്റപ്പെട്ട ചില ക്രിമിനൽ പ്രവണതകളും ലഹരി മരുന്ന് ഉപയോഗവും ഉണ്ടെന്ന റിപ്പോർട്ടുകളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തൊഴിലാളികൾക്കിടയിലെ ലഹരി മരുന്ന് ഉപഭോഗവും വിനിമയവും സംബന്ധിച്ച വിവരങ്ങൾ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാം. ഉദ്യോഗസ്ഥൻ വിവരം പോലീസ്-എക്സൈസ്-ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറണം. നടപടി ഉറപ്പാക്കണം.

പ്രതിവർഷം ലക്ഷക്കണക്കിന് പേരുടെ മരണത്തിനു കാരണമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ശരീരികവും മാനസികവുമായി ഒട്ടേറെ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ഒപ്പം വ്യക്തിയുടെയും കുടുംബത്തിന്റെയും സാമൂഹിക സാമ്പത്തിക ജീവിതത്തെ തകിടം മറിക്കും. കുട്ടികളുടെ പഠനത്തിനും കുടുംബത്തിന്റെ സാമൂഹിക, സാമ്പത്തിക ഉയർച്ചക്കും ഉപയോഗിക്കാവുന്ന പണമാണ് സ്വന്തം മരണത്തിനു പോലും കാരണമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിനായി മാറ്റിവെക്കുന്നതെന്നു മനസ്സിലാക്കി അതിൽനിന്നും സ്വയം മോചിതരാവണമെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനായി.

അതിഥി തൊഴിലാളികളുടെ മക്കളായ മൂന്ന് കുട്ടികൾ മലയാളത്തിൽ പ്രാർഥനാഗാനം ആലപിച്ചു. മന്ത്രിയുടെ പ്രസംഗം ഹിന്ദിയിൽ പരിഭാഷപ്പെടുത്തി നൽകി. നിറഞ്ഞ കൈയടികളോടെയാണ് മന്ത്രിയുടെ വാക്കുകളെ അവർ വരവേറ്റത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ പുരുഷോത്തമൻ ലഹരിവിമുക്ത ക്ലാസ് നടത്തി. അതിഥി തൊഴിലാളികളുടെ കലാപരിപാടികളും അരങ്ങേറി.

ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ആയിരത്തോളം അതിഥി തൊഴിലാളികൾ പങ്കെടുത്ത വിളംബര ജാഥയുടെ ഫ്ളാഗ് ഓഫ് ജില്ലാ ലേബർ ഓഫീസ് പരിസരത്ത് മന്ത്രി നിർവഹിച്ചു. ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ വിവിധ ഭാഷകളിലെഴുതിയ പ്ലക്കാർഡുകളും കൈയിലേന്തി നടത്തിയ റാലി സാധു ഓഡിറ്റോറിയത്തിൽ സമാപിച്ചു.