റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗിലൂടെ വരുമാനം 3.87 കോടി

post

'ശബരിമല തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഉറപ്പാക്കും'

റസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിങ്ങിലൂടെ ഒരു വർഷത്തിനിടെ 3.87 കോടി രൂപയുടെ വരുമാനം നേടിയതായി പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി അഡ്വ.പി.എ. മുഹമ്മദ് റിയാസ്. 1.52 കോടി രൂപ ചെലവിൽ എരുമേലിയിൽ നിർമിച്ച പുതിയ റസ്റ്റ് ഹൗസ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

റസ്റ്റ് ഹൗസുകൾ ജനകീയമാക്കിയ കഴിഞ്ഞ നവംബർ ഒന്നു മുതൽ ഒക്ടോബർ വരെ 3,87,72,210 രൂപയുടെ വരുമാനം നേടി. 65,000 ആളുകൾ ഒരു വർഷത്തിനിടയിൽ ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്തി. റസ്റ്റ് ഹൗസ് ജനകീയമാക്കിയതിന്റെ വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ റസ്റ്റ് ഹൗസിൽ താമസിച്ചവരുടെ അഭിപ്രായങ്ങൾ കൂടി ശേഖരിച്ച് കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കും. ശബരിമല തീർത്ഥാടകർക്ക് പൂർണ സൗകര്യങ്ങളുറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ശബരിമല തീർത്ഥാടകർക്ക് ഓൺലൈനിലൂടെ റസ്റ്റ് ഹൗസിൽ മുറികൾ ബുക്ക് ചെയ്യാം. സന്നിധാനം സത്രത്തിൽ ഒരു ഡോർമെറ്ററി കൂടി തയാറാക്കും. സത്രത്തിലെ ഡോർമെറ്ററികളും മുറികളും ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കും. തീർത്ഥാടകരുടെ ക്ഷേമത്തിന് ചെയ്യാനാകുന്നതെല്ലാം സർക്കാർ ചെയ്യും. ശബരിമല തീർത്ഥാടനത്തിനുപയോഗിക്കുന്ന 19 റോഡുകളിൽ 16 റോഡുകളും മികവുറ്റതാക്കി. മറ്റ് മൂന്നു റോഡുകളുടെ നിർമാണം ചീഫ് എൻജിനീയർമാർ ക്യാമ്പ് ചെയ്ത് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

എരുമേലി ക്ഷേത്രവും വാവരുപള്ളിയും ഉൾപ്പെടുന്ന എരുമേലിയുടെ ചരിത്ര പ്രധാന്യം ഉൾക്കൊണ്ടാണ് പുതിയ റസ്റ്റ് ഹൗസ് ബ്ലോക്ക് നിർമിച്ചത്. 406 ചതുരശ്ര മീറ്ററിൽ രണ്ട് നിലകളിലായി നിർമിച്ചിട്ടുള്ള കെട്ടിടത്തിൽ ആറു മുറികളാണുള്ളത്.