അതിദരിദ്രർക്ക് രേഖകൾ ലഭ്യമാക്കാൻ വൈക്കം ബ്ലോക്ക്തല ക്യാമ്പ്
അതിദാരിദ്ര്യം അനുഭവിക്കുന്നവർക്ക് അവകാശ രേഖകൾ ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന 'തുണ' പദ്ധതിയുടെ വൈക്കം ബ്ലോക്കുതല ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകൾ നടത്തിയ മൈക്രോ പ്ലാനിന്റെ അടിസ്ഥാനത്തിൽ 101 പേരാണ് വിവിധ ഗ്രാമപഞ്ചായത്തുകളിലായി അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 34 ഗുണഭോക്താക്കൾക്ക് വൈക്കം മുഹമ്മദ് ബഷീർ മെമ്മോറിയൽ ഹാളിൽ നടന്ന ക്യാമ്പിൽ ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, തൊഴിൽ കാർഡ് എന്നീ രേഖകൾ കൈമാറി.
സാമൂഹിക ക്ഷേമപെൻഷന് യോഗ്യതയുള്ളവർക്ക് ലഭ്യമാക്കാൻ വേണ്ട നടപടികളും ക്യാമ്പിൽ സ്വീകരിച്ചു. വൈക്കം താലൂക്ക് സപ്ലൈ ഓഫീസ്, തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ്, ഇടയാഴം സി എച്ച് സി ഓഫീസുകളിലെ ഉദ്യോഗസ്ഥർ, വിവിധ കാർഡുകൾ ലഭ്യമാക്കുന്നതിനായി ആറാട്ടുകുളം, നേരേകടവ് അക്ഷയ സെന്റർ ജീവനക്കാർ എന്നിവർ വിവിധ കൗണ്ടറുകളിലായി സേവനങ്ങൾ ലഭ്യമാക്കി. ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കാത്ത കിടപ്പ് രോഗികൾ അടക്കമുള്ളവർക്കുള്ള സേവനങ്ങൾക്കായി അതാത് പഞ്ചായത്തുകളിലെ അക്ഷയ സെന്ററുകളിൽ പഞ്ചായത്ത് മുൻകൈയെടുത്ത് സൗകര്യങ്ങൾ ഒരുക്കും.