ജില്ലയിലെ ആദ്യ സോളാർ പവർ പ്ലാന്റ് കം ഇ ചാർജിംഗ് സ്റ്റേഷൻ കുന്നംകുളത്ത്

post

നിർമ്മാണം അന്തിമ ഘട്ടത്തിൽ

അനെർട്ടിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യ സോളാർ കം പവർ പ്ലാന്റിങ് ഇ ചാർജിംങ്ങ് സ്റ്റേഷൻ കുന്നംകുളം നഗരസഭയിൽ ഒരുങ്ങുന്നു. 50 ലക്ഷം രൂപയാണ് അനെർട്ട് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നത്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്. നഗരസഭയുടെ കാണിപയ്യൂരിലുള്ള ഏഴ് സെന്റ് സ്ഥലത്താണ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്.

വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് മൂന്ന് ചാർജിംഗ് മിഷനുകൾ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സ്ഥാപിച്ച രണ്ടാമത്തെ പൊതു വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷൻ കൂടിയാണിത്. പദ്ധതിയുടെ നിർമ്മാണം ഉടൻ പൂർത്തീകരിച്ച് നവംബറിൽ നാടിന് സമർപ്പിക്കാനാണ് ഉദേശിക്കുന്നത്.

160 കിലോവാട്ട് ശേഷിയുള്ള ചാർജിംഗ് സ്റ്റേഷനാണ് സ്ഥാപിച്ചിട്ടുള്ളത്. ഒരേസമയം 5 കാറുകൾക്കും 4 ടൂവീലർ /ത്രീ വീലർ വാഹനങ്ങൾക്കും ചാർജ് ചെയ്യാൻ സാധിക്കും. 82 കിലോവാട്ട്, 60 കിലോവാട്ട്, 9.9 കിലോവാട്ട്, 7.5 കിലോവാട്ട് എന്നിങ്ങനെ വിവിധ ശേഷിയുള്ള ചാർജിംഗ് ഗണ്ണും ഉണ്ടായിരിക്കും. കൂടാതെ അഞ്ച് കിലോവാട്ട് സോളാർ പവർ പ്ലാന്റും സ്റ്റേഷനിൽ സ്ഥാപിച്ചിട്ടുണ്ട്. ദീർഘദൂരം സഞ്ചരിക്കുന്ന ഇലക്ട്രിക് കാറുകൾക്ക് 45 മിനിറ്റ് കൊണ്ട് വാഹനം ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്.

എൽ ആന്റ് ടി ആണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തികൾ നിർവ്വഹിക്കുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ അനർട്ടിന്റെ മേൽനോട്ടത്തിൽ സർക്കാർ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നുണ്ട്.

പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊർജസുരക്ഷ ഉറപ്പാക്കി പെട്രോൾ വിലവർദ്ധനവ് മൂലമുള്ള ജനങ്ങളുടെ പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. സ്റ്റേഷനോട് ചേർന്ന് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ചെറിയൊരു പാർക്കും നിർമ്മിക്കാൻ നഗരസഭ പദ്ധതിയിടുന്നുണ്ട്.