മത്സ്യബന്ധനത്തില്‍ ആധുനികത കൊണ്ടുവരണം

post

മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തില്‍ ആധുനികത കൊണ്ടുവരണമെന്ന് ഫിഷറീസ്-കായികം-ഹജ്ജ്-തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍. പടന്ന വി.കെ.പി സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷിതവും ലാഭകരവുമായ മത്സ്യബന്ധനമാണ് സര്‍ക്കാര്‍ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും മറ്റു പ്രതികൂല സാഹചര്യങ്ങളും മൂലം മത്സ്യബന്ധനം ദുഷ്‌കരമാകുന്ന സാഹചര്യത്തില്‍ മത്സ്യബന്ധനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണം.

തീരദേശം മാറ്റങ്ങള്‍ക്ക് വിധേയമായില്ലെങ്കില്‍ ഭാവിയില്‍ ഉപജീവനം ദുഷ്‌കരമാകും. തീരദേശ മേഖലയുടെ വികസനത്തിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിവരുന്നുണ്ട്. 594 കിലോമീറ്റര്‍ നീളം വരുന്ന തീരദേശ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെയും, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന്റെയും ഭാഗമായാണ് ഫിഷറീസ് വകുപ്പ് പടന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം യാഥാര്‍ത്യമാക്കിയിരിക്കുന്നതെന്നും അടിസ്ഥാനസൗകര്യ വികസനം, ക്ഷേമ മേഖലകളില്‍ ഫിഷറീസ് വകുപ്പ് ജില്ലയില്‍ 50 ഓളം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. 

1.94 കോടി രൂപ അടങ്കല്‍ തുകയില്‍ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പടന്ന വി.കെ.പി സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിര്‍മ്മാണം നടത്തിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടത്തിന് തുക അനുവദിച്ചത്.

തീരദേശ മേഖലയുടെ സാമൂഹ്യ ആരോഗ്യ വികസനത്തില്‍ അടിസ്ഥാന സൗകര്യത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തീരദേശത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, പബ്ലിക്ക് ഹെല്‍ത്ത് സെന്ററുകള്‍, സബ് സെന്ററുകള്‍, തീരദേശ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പശ്ചാത്തല സൗകര്യ വികസനം, മറ്റു ഭൗതിക സൗകര്യ വികസനങ്ങള്‍ തുടങ്ങിയ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കി നടപ്പിലാക്കി വരുന്നുണ്ട്.