പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

post

പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പാരമ്പര്യ മത്സ്യത്തൊഴിലാളികള്‍ ആഴക്കടല്‍ മബ്യബന്ധനത്തിന് തയ്യാറാകണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖത്തിലെ തുടര്‍ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ചെറിയ വള്ളങ്ങള്‍ അടുപ്പിക്കുന്നതിനുള്ള ലോ ലെവല്‍ ജെട്ടി ചെറുവത്തൂര്‍ മടക്കര ഹാര്‍ബറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മറ്റു സംസ്ഥാനങ്ങള്‍ വലിയ യാനങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് തയ്യാറെടുക്കുന്ന സാഹചര്യമാണ്. നാം ഈ മേഖലയില്‍ ഏറെ പിന്നിലാണ്. വലിയ യാനങ്ങളിലുള്ള ആഴക്കടല്‍ മത്സ്യബന്ധനത്തിന് പാരമ്പര്യ മത്സ്യത്തൊഴിലാളികള്‍ തയ്യാറാകണം. അതിനാവശ്യമായ എല്ലാ സഹായവും നല്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. മണ്ണെണ്ണയുടെ വില കൂടുന്ന സാഹചര്യത്തില്‍ ഡീസല്‍ ഇന്ധനത്തിലേക്ക് മാറുവാന്‍ മത്സ്യത്തൊഴിലാളികള്‍ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു.

മത്സ്യബന്ധന തുറമുഖങ്ങളുടെ വിപുലീകരണവും പ്രധാന അധിക സൗകര്യങ്ങളുടെ നിര്‍മ്മാണവും എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് 1.16 കോടി രൂപ ചെലവഴിച്ചാണ് ലോ ലെവല്‍ ജെട്ടി പൂര്‍ത്തീകരിച്ചത്. എം.രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി.