ലഹരിക്കെതിരെ പോരാടാൻ പയ്യാവ്വൂരിൽ 'ഫാൻ'

post

സമ്പൂർണ ലഹരിമുക്ത ഗ്രാമമാകാൻ വേറിട്ട കൂട്ടായ്മയുമായി പയ്യാവൂർ ഗ്രാമപഞ്ചായത്ത്. വിദ്യാർഥികൾ, യുവജനങ്ങൾ, നാട്ടുകാർ എന്നിവരെ സംയോജിപ്പിച്ചാണ് ഫൈറ്റേഴ്സ് എഗെയിൻസ്റ്റ് നാർക്കോട്ടിക്സ് (ഫാൻ) എന്ന കൂട്ടായ്മ രൂപീകരിച്ചത്.

ലഹരി വസ്തു ഉപയോഗത്തിനെതിരെയുള്ള സംസ്ഥാന സർക്കാർ ക്യാമ്പയിന്റെ ഭാഗമാണ് ഈ കൂട്ടായ്മ.

വിദ്യാലയങ്ങൾ, കോളേജ് ക്യാമ്പസ്, വീടുകൾ, പൊതു ഇടങ്ങൾ എന്നിങ്ങനെ നാല് തലങ്ങളിലായാണ് പ്രവർത്തനം. വിദ്യാലയങ്ങളിലെ എൻ എസ് എസ്, എൻ സി സി യൂനിറ്റുകളിൽ ഇല്ലാത്ത കുട്ടികൾക്ക് കൂട്ടായ്മയിൽ അംഗ്വത്വം നൽകും. ഓരോ സ്‌കൂളിലെയും 10 ശതമാനം കുട്ടികൾക്കാണ് അംഗത്വം ലഭിക്കുക. ഇവർക്ക് നാർക്കോട്ടിക് സെൽ, പൊലീസ്, എക്സൈസ്, മനശാസ്ത്ര വിഭാഗം ഡോക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നൽകും. ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനം, അതിനായി സ്വീകരിക്കേണ്ട മാർഗങ്ങൾ തുടങ്ങി പ്രത്യേക വിഷയങ്ങളിലാകും പരീശീലനം. തുടർന്ന് ഓരോ അംഗത്തിന്റെയും നേതൃത്വത്തിൽ ഒമ്പത് കുട്ടികളെക്കൂടി ചേർത്ത് സൗഹൃദ സദസ് രൂപീകരിക്കും.

ആധ്യാപകരുടെ മേൽനോട്ടത്തിൽ ആഴ്ചയിൽ ഒരു ദിവസം ചേരുന്ന സൗഹൃദ സദസ്സിൽ വിദ്യാർഥികളുടെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യും. ഇതിലൂടെ ലഹരി ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തിയാൽ കൗൺസിലിംഗ്, വൈദ്യസഹായം, നിയമ സഹായം എന്നിവ നൽകും. ഇതിന് പുറമെ സ്‌കൂളിലും കോളേജുകളിലും രക്ഷിതാക്കൾക്കായി സൗഹൃദ കുടുംബ സദസും രൂപീകരിക്കും. കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ മേൽനോട്ടം ഉണ്ടെന്ന് ഉറപ്പാക്കാനാണ് കുടുംബ സദസ്.

രക്ഷിതാക്കൾക്ക് കൃത്യമായ ഇടവേളകളിൽ ബോധവത്കരണ ക്ലാസുകളും നൽകും. പഞ്ചായത്തിലെ പൊതു ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. ലഹരി പദാർഥങ്ങളുടെ വിൽപ്പന പൊലീസ്, എക്സൈസ് എന്നിവയുടെ സഹായത്തോടെ കടകളിൽ കർശന പരിശോധന നടത്തും.

പൊതു ഇടങ്ങൾ സി സി ടി വി ക്യാമറകളുടെ നിരീക്ഷണത്തിലാക്കുമെന്നും ഒരു വർഷം കൊണ്ട് സമ്പൂർണ ലഹരി മുക്ത പഞ്ചായത്തായി പയ്യാവൂരിനെ മാറ്റുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സജു സേവ്യർ പറഞ്ഞു.