പൊക്കാളി കൊയ്ത്തുത്സവം: പ്രാദേശിക കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പനി രണ്ടു മാസത്തിനകം

post

മറുവക്കാടിന്റെ പേരില്‍ അരി വിപണനം ചെയ്യണം


പ്രാദേശിക പേരുകളില്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പനി രണ്ടു മാസത്തിനകം സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ പൊക്കാളി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കാപ്‌കോ എന്ന് പേരിട്ട കമ്പനി വഴി കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളായി വിപണനം ചെയ്യും. കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യ വര്‍ധിത ഉത്പന്നങ്ങളായി മാറുമ്പോള്‍ വന്‍കിട കമ്പനികള്‍ക്കു ലഭിക്കുന്ന ലാഭം കര്‍ഷകരിലേക്ക് എത്തിക്കുക എന്നതാണു കമ്പനിയുടെ ലക്ഷ്യം. സിയാല്‍ മാതൃകയില്‍ കര്‍ഷകരുടെ പങ്കാളിത്തത്തോടെയായിരിക്കും കമ്പനി ആരംഭിക്കുക. സാധ്യമാകുന്നവര്‍ കൃഷിയിലേക്ക് ഇറങ്ങണം. ഒരു കൃഷിഭവനില്‍ നിന്ന് ഒരു ഉല്പന്നം എങ്കിലും ഉണ്ടാകണം. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നു മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി 'വാം'(വാല്യു ആഡഡ് അഗ്രികള്‍ച്ചറല്‍ മിഷന്‍) എന്ന പേരില്‍ പ്രത്യേക മിഷനും ആരംഭിച്ചിട്ടുണ്ട്. ലോക ബാങ്കില്‍ നിന്ന് ഇതിനായി 1400 കോടി രൂപയുടെ ധനസഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണമാണു കാര്‍ഷിക മേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഇതിനു പരിഹാരം കാണുന്നതിനാണു സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

മറുവക്കാട് ഉത്പാദിപ്പിക്കുന്ന അരി മറുവക്കാടിന്റെ പേരില്‍ തന്നെ വിപണനം ചെയ്യുന്നതു സാധ്യമാക്കണം. പൊക്കാളി അരിക്ക് ആവശ്യക്കാര്‍ ഏറെയാണ്. കരുത്തിന്റെ പ്രതീകമായ പൊക്കാളി അത്ഭുതകരമായ കൃഷിയാണ്. പൊക്കാളി പാടങ്ങളില്‍ കൃഷിയില്ലാതെയിരിക്കുന്ന അവസ്ഥ ഉണ്ടാകരുത്. പ്രാദേശികമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ കഴിയണം. കൃഷി കൂടുതല്‍ വ്യാപിപ്പിക്കണം. കൃഷിയോടൊപ്പം ജീവിക്കാനുള്ള മറ്റ് അവസ്ഥകളും നിലനിര്‍ത്തുന്നുണ്ടെന്ന് ഉറപ്പാക്കണം. ഓരു വെള്ളം കയറ്റുന്നതും ഇറക്കുന്നതും സമീപ പ്രദേശങ്ങളിലുള്ള വീടുകള്‍ക്കു നാശമുണ്ടാകാത്ത തരത്തിലാണെന്ന് ഉറപ്പാക്കിയായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഭക്ഷണ രീതിയിലുള്ള മാറ്റങ്ങളാണു കേരളത്തിലെ ജീവിതശൈലീ രോഗങ്ങള്‍ക്കു കാരണം. വിഷാംശം അടങ്ങിയ ഭക്ഷണ പദാര്‍ഥകള്‍ കഴിക്കുന്നതും രോഗങ്ങള്‍ വരുത്തുന്നു. ഇതിനു മാറ്റമുണ്ടാകണം. വീടുകളില്‍ പച്ചക്കറി കൃഷി എങ്കിലും ചെയ്യാന്‍ നമ്മുക്ക് കഴിയണം. നമുക്ക് ആവശ്യമുള്ള പച്ചക്കറികള്‍ നാം തന്നെ ഉത്പാദിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കെ.ജെ മാക്‌സി എം.എല്‍.എ അധ്യക്ഷത വഹിച്ചു. 

ചടങ്ങില്‍ മറുവാക്കാട് പാടശേഖരത്ത് കൃഷിയിറക്കിയ കര്‍ഷകരായ എം.വി ഗരുഡന്‍ മഞ്ചാടിപറമ്പില്‍, ആന്റണി വലിയപറമ്പില്‍, എം.ജി രാമചന്ദ്രന്‍ മഠത്തിപ്പറമ്പില്‍, ജെസിന്‍ ആന്റണി പുത്തന്‍പറമ്പില്‍, എം.ബി ഗോപാലന്‍ മഞ്ചാടിപറമ്പില്‍ എന്നിവരെ മന്ത്രി ആദരിച്ചു.