തൊഴിലില്ലായ്മ പൂർണമായും പരിഹരിക്കുക സർക്കാർ ലക്ഷ്യം
തൊഴിലില്ലായ്മ പ്രശ്നം പൂർണമായും പരിഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. ഭാവിയില്‍ തൊഴില്‍ ഇല്ലാത്തവരായി ആരും ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവർ പറഞ്ഞു. വെള്ളിമാട്കുന്ന് ഗവ: ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിക്കുന്ന പ്ലേസ്‌മെന്റ് സെല്‍, ഡേ കെയര്‍ സെന്റര്‍ എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ സ്വച്ഛം അവാര്‍ഡ് ദാനവും അനുച്ഛേദം 15 റിപ്പോര്‍ട്ട് സമര്‍പ്പണവും മന്ത്രി നിര്‍വ്വഹിച്ചു.
തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം മുന്‍നിര്‍ത്തി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി അക്കാദമിക് ഉള്ളടക്കത്തിന്റെ മാറ്റത്തിന് സര്‍ക്കാര്‍ തയാറെടുത്തുകൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന അസാപിന്റെ നേതൃത്വത്തില്‍ 133 സ്‌കില്‍ കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്. ലീഗല്‍ കോഴ്‌സുകളും നിയമവുമായി ബന്ധപ്പെട്ട കോഴ്‌സുകളും ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. പ്ലേസ്‌മെന്റ് സെല്‍ അസാപിന്റെ യൂണിറ്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.