ജില്ലാ കളക്ടര്‍ പി.ബി നൂഹിന് സംസ്ഥാന അവാര്‍ഡ്

post

പത്തനംതിട്ട : വനിത ശിശുവികസന (ഐ.സി.ഡി.എസ്) മേഖലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ കളക്ടര്‍ക്കുളള 2018- 19 വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അര്‍ഹനായി. അന്താരാഷ്ട്ര  വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഈമാസം ഏഴിന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന സംസ്ഥാനതല വനിതാ ദിനാചരണ ചടങ്ങില്‍ അവാര്‍ഡ് വിതരണം നടക്കും. ചടങ്ങില്‍ ആരോഗ്യവനിത  ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. 

2018-19ലെ പ്രളയവുമായി ബന്ധപ്പെട്ട് അങ്കണവാടികള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍, അങ്കണവാടികളിലൂടെയുളള പോഷകാഹാര ലഭ്യത ഉറപ്പുവരുത്തല്‍, ട്രൈബല്‍ മേഖലയിലെ താത്കാലിക അങ്കണവാടികളുടെ പ്രവര്‍ത്തനം ആരംഭിക്കല്‍, 60 അങ്കണവാടികള്‍ക്ക് റവന്യൂ പുറമ്പോക്ക് ഭൂമി ഉള്‍പ്പെടെ ഭൂമികൈമാറ്റം, സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്തിയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

2012ല്‍ കേരള കേഡര്‍, ഐ.എ.എസ് ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ച ഇദേഹം 2018 ജൂണില്‍ പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേറ്റു. മൂവാറ്റുപുഴ സ്വദേശിയാണ്. പത്തനംതിട്ട അസിസ്റ്റന്‍ഡ് കളക്ടര്‍, ഒറ്റപ്പാലം സബ് കളക്ടര്‍, സാമൂഹ്യനീതി ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.