ലഹരി മുക്ത നവകേരള സൈക്കിള്‍ റാലിയ്ക്ക് തുടക്കമായി

post

മയക്കുമരുന്നിനെതിരെ നിയമം മാത്രമല്ല ബോധവല്‍കരണവും അനിവാര്യം- മന്ത്രി എം.ബി രാജേഷ്


കാസർഗോഡ്: ലഹരിക്കെതിരെ നിയമം മാത്രം പോര ബോധവല്‍കരണവും വേണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, പൊതു വിദ്യാഭ്യാസ വകുപ്പ് , കേരള എക്സൈസ് വകുപ്പ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ലഹരി വിമുക്ത നവകേരള സൈക്കിള്‍ റാലി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്നിനെ പൊലീസും എക്‌സൈസും ചേര്‍ന്ന് മാത്രം നേരിടട്ടെ എന്നല്ല സര്‍ക്കാര്‍ തീരുമാനം. അങ്ങനെ മാത്രം നേരിടാവുന്ന ഒന്നല്ല ഇത്. മയക്കുമരുന്നിനെ നേരിടാന്‍ വ്യത്യസ്തമായൊരു മാര്‍ഗം കേരളം അവലംബിക്കുകയാണ്. ഒരു ഭാഗത്ത് പൊലീസും എക്സൈസും നിയമവും ഉരുക്കുമുഷ്ടി ഉപയോഗിച്ച് അതിനെ നേരിടും.


അത് മാത്രം പോര. ജനങ്ങളെ ആകെ അണിനിരത്തിക്കൊണ്ടുള്ള ചെറുത്തുനില്‍പ്പ് മയക്കുമരുന്നിനെതിരെ വരണം. ജനങ്ങളെ മുഴുവന്‍ ഇതിനെതിരായി ജാഗ്രതയുള്ളവരാക്കി മാറ്റണം. ഇങ്ങനെ ദ്വിമുഖമായ യുദ്ധതന്ത്രമാണ് മയക്കുമരുന്നിനെതിരെ കേരളം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നില്‍ കൂടുതല്‍ ലഹരികേസുകളില്‍ ഉള്‍പ്പെട്ട 2309 പേരുടെ പട്ടിക എക്സൈസ് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഇവരെ മുന്‍കരുതല്‍ കസ്റ്റഡിയിലെടുക്കും. സെപ്തംബര്‍ 16നും ഒക്ടോബര്‍ 14നും ഇടയില്‍ 1024 മയക്ക് മരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1038 ആളുകളെ അറസ്റ്റ് ചെയ്തു. 14.5 കോടിയുടെ മയക്ക് മരുന്നും പിടിച്ചെടുത്തു. ഒരു മാസം കൊണ്ട് അവസാനിക്കുന്നതല്ല കേരളത്തിന്റെ ലഹരിക്കെതിരായ പോരാട്ടം. കേരളത്തിന്റെ ഭാവി ചാമ്പലാവാതിരിക്കാന്‍ നീണ്ടുനില്‍ക്കുന്ന പോരാട്ടമാണിതെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. 


ലഹരി വിമുക്ത നവകേരള സൈക്കിള്‍ റാലിക്ക് കാസര്‍കോട്ട് തുടക്കം

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, പൊതു വിദ്യാഭ്യാസ വകുപ്പ് , കേരള എക്സൈസ് വകുപ്പ് എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന ലഹരി വിമുക്ത നവകേരള സൈക്കിള്‍ റാലിക്ക് കാസര്‍കോട്ട് തുടക്കം. ലഹരി മുകത നവകേരളം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന റിലേ സൈക്കിള്‍ റാലിയില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് വളണ്ടിയേഴ്സ് ആണ് അണിനിരക്കുന്നത്. എല്ലാ റവന്യൂ ജില്ലകളില്‍ നിന്നും സ്വീകരണം എറ്റുവാങ്ങും. റാലിയുടെ ഭാഗമായി വിപുലവും വൈവിധ്യമാര്‍ന്നതുമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.