ഹാപ്പി ഹാപ്പി ബത്തേരി; ദോ രംഗ് പദ്ധതിയുമായ് ബത്തേരി

post

വയനാട്: എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്ന ഹാഷ് ടാഗോടെ ബത്തേരി നഗരസഭയുടെ ശുചിത്വ നഗരം പദ്ധതി കൂടുതല്‍ നിറവോടെ ആവിഷ്‌ക്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ദോ രംഗ് (ജൈവ ഹരിതവും, അജൈവ നീലയും) പദ്ധതിയുമായി ചേര്‍ന്ന് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കാനും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് കൈമാറാനും ആവശ്യമായ ശുചിത്വ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കും.

ഓരോ ഇടങ്ങളിലും രണ്ടു തരത്തിലുള്ള മാലിന്യ ശേഖരണം ഫലപ്രദമായി നടപ്പാക്കുന്നതിന് നിലവിലുള്ള ഡിവിഷന്‍ തല സമിതികള്‍ ശക്തിപ്പെടുത്തും. ഇത് നഗരസഭയിലെ ജനങ്ങളുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കും. ഇതിന്റെ പ്രചരണാര്‍ത്ഥം ഫ്‌ലാഷ് മോബ്, ബോധവല്‍ക്കരണം, സാമൂഹ്യ മാധ്യമങ്ങളിലുടെയുള്ള പ്രചാരണം തുടങ്ങി വിവിധ പരിപാടികള്‍ നടത്തുമെന്ന് നഗരസഭ ചെയര്‍മാന്‍ അറിയിച്ചു.