ഹരിതമിത്രം ഗാർബേജ് മോണിറ്ററിങ് സംവിധാനത്തിന് ചേരാനല്ലൂരിൽ തുടക്കമായി

post

പാഴ് വസ്തു പരിപാലനത്തിന് ഹരിതമിത്രം ഗാർബേജ് മോണിറ്ററിങ് സംവിധാനത്തിന് ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ആപ്പ് മുഖേന പാഴ്‌വസ്തു ശേഖരണം ആരംഭിക്കുന്നതിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് കെ. ജി രാജേഷ് നിർവഹിച്ചു.വീടുകളിലും സ്ഥാപനങ്ങളിലും ആപ്പിൻ്റെ ക്യൂ.ആർ കോഡ് സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. ആപ്പിന്റെ പ്രവർത്തനത്തിനായി സ്മാർട്ട്‌ ഫോൺ ഇല്ലാത്ത ഹരിതകർമ്മ സേനാംഗങ്ങൾക്ക് സ്മാർട്ട് ഫോൺ, യൂണിഫോം, ക്യാപ്പ്, ഗ്ലൗസ് എന്നിവയും കൈമാറി. ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട 5100 കുടുംബങ്ങളിൽ നിന്ന് അജൈവ മാലിന്യ ശേഖരണമുൾപ്പടെയുള്ള കാര്യങ്ങൾ ഇതോടെ സുഗമമാകും.

സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഹരിത മിത്രം ആപ്ലിക്കേഷന്‍ പദ്ധതിയില്‍ മാലിന്യസംസ്‌കരണ മേഖലയിലെ ഓരോ പ്രവര്‍ത്തനവും അതാതു സമയങ്ങളില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ്തലം വരെ മോണിട്ടര്‍ ചെയ്യുന്നു. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് ഹരിത മിത്രം അപ്ലിക്കേഷൻ വികസിപ്പിച്ചത്.

വീടുകള്‍, കടകൾ, ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ മാലിന്യം രൂപപ്പെടുന്ന സ്ഥലങ്ങളുടെയും നിലവിലെ മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെയും വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാകും. ഹരിത കര്‍മ്മ സേനയുടെ യൂസര്‍ഫീ ശേഖരണം, കലണ്ടര്‍ പ്രകാരമുള്ള പാഴ്‌വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാം. ഗുണഭോക്താക്കള്‍ക്കു സേവനം ആവശ്യപ്പെടുന്നതിനും പരാതികള്‍ അറിയിക്കുന്നതിനും ഫീസുകള്‍ അടയ്ക്കുന്നതിനുമുള്ള സംവിധാനവും ഇതിലൂടെ സാധ്യമാകുന്നു എന്നതാണ് ആപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്.

കൂടാതെ മലിനീകരണ പ്രശ്നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്. എം.സി.എഫ്, മിനി എം.സി.എഫ് തുടങ്ങിയവയുടെ ലൊക്കേഷന്‍ മാപ്പ്, മാലിന്യവും പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാരദിശ ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തി ട്രാക്ക് ചെയ്യല്‍ എന്നിവയും ആപ്ലിക്കേഷന്റെ പ്രത്യേകതകളാണ്.