ഗണിത പഠനം ലളിതമാക്കി മാവേലിക്കര ബ്ലോക്കിലെ ഗണിത ലാബുകള്‍

post

ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്ക് ഗണിത പഠനം ലളിതമാക്കാന്‍ പുതിയ പദ്ധതിയുമായി മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്. സ്‌കൂളുകളിലെ ഗണിത ലാബുകളില്‍ സജ്ജീകരിച്ച പഠനോപകരണങ്ങളുടെ സഹായത്തോടെ അക്കങ്ങള്‍ മനസ്സിലാക്കല്‍ മുതല്‍ ചതുഷ്‌ക്രിയാ പഠനം വരെ ലളിതമാക്കുവാന്‍ സാധിക്കും.

'ടെന്‍സ് ഫ്രയ്മ്', 'അരവിന്ദ ഗുപ്ത സ്ഥാനവില സ്ട്രിപ്പ്', 'ഷൂട്ടിംഗ് ബോര്‍ഡ്', 'ദിനോസര്‍ ഗെയിം', 'വല മുത്തുകള്‍' എന്നിങ്ങനെ 40ലധികം വ്യത്യസ്തമായ പഠനോപകാരങ്ങളാണ് ഗണിത ലാബുകളിലുള്ളത്. ഇതിലൂടെ കുട്ടികള്‍ക്ക് ഗണിത പഠനം ഏറെ ഉല്ലാസപ്രദവും എളുപ്പവുമാക്കാന്‍ സാധിക്കും. 5.47 ലക്ഷം രൂപ ചെലവില്‍ മാവേലിക്കര ബ്ലോക്ക് പരിധിയിലുള്ള ചെട്ടികുളങ്ങര, ചെന്നിത്തല, മാന്നാര്‍, തഴക്കര, തെക്കേക്കര എന്നീ പഞ്ചായത്തുകളിലെ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഗണിത ലാബ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ 36 എല്‍പി സ്‌കൂളുകളും 19 യുപി സ്‌കൂളുകളും ഉള്‍പ്പെടുന്നു. 

കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം വിശകലനം ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് എ പ്ലസ് നഷ്ടമായത് ഗണിതത്തിനാണെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. രഘുപ്രസാദ് പറഞ്ഞു. ബിആര്‍സി പരിശീലകരായ തുളസീദാസ്, സജീഷ് എന്നിവരാണ് ഗണിത ലാബ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഒരു സ്‌കൂളില്‍ നിന്നും ഒരു അധ്യാപകന്‍, രണ്ട് രക്ഷിതാക്കള്‍ എന്നിവര്‍ക്ക് ഗണിത ലാബിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ പരിശീലനം നല്‍കിയിരുന്നു. പഠനോപകരണങ്ങള്‍ സൂക്ഷിക്കാനായി അതത് സ്‌കൂളുകള്‍ക്കായി അലമാരകളും നല്‍കിയിട്ടുണ്ട്.