നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലും സർക്കാർ പോളിടെക്‌നിക് കോളേജിലും 13.12 കോടി ചെലവില്‍ പുതിയ മന്ദിരങ്ങള്‍

post

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ആറു കോടി രൂപ ചെലവിലാണ്‌പുതിയ ബഹുനില കെട്ടിടമാണ് നിർമിച്ചത്. 2623 ചതുരശ്ര മീറ്ററിൽ 6 ക്ലാസ് മുറികൾ, 4 പ്രാക്ടിക്കൽ ക്ലാസ് റൂമുകൾ, എൻജിനിയറിങ് ഡ്രോയിംഗ് ഹാൾ, കമ്പ്യൂട്ടർ കാഡ് ലാബ്, സൂപ്രണ്ട് റൂം, 3 സ്റ്റാഫ് റൂമുകൾ, സൂപ്രണ്ടിന്റെ കാര്യാലയം, സ്വീകരണമുറി, കുട്ടികൾക്ക് 2 ചേഞ്ചിംഗ് റൂമുകൾ, മിനി സെമിനാർ ഹാൾ, വിശാലമായ അകത്തളം, വ്യസ്ത്യമായ ലോബി, സ്റ്റോർ മുറി, 3 സ്റ്റേയർകേസുകൾ, ലിഫ്റ്റ് ക്രമീകരണത്തിനുളള സംവിധാനം, ശുദ്ധജല സംഭരണികൾ, ടോയിലറ്റ് സൗകര്യങ്ങൾ, സെല്ലർ ഫ്‌ലോർ തുടങ്ങി വിപുലമായ നിരവധി സൗകര്യങ്ങൾ അടങ്ങിയതാണ് സ്‌കൂളിന്റെ പുതിയ ബഹുനില കെട്ടിടം.

ഏഴാംക്ലാസ് വിജയിച്ച 120 കുട്ടികൾക്ക് പ്രവേശനപരീക്ഷയിലൂടെ ഓരോ വർഷവും സാങ്കേതിക വിദ്യാഭ്യാസം നേടാനുളള അവസരം ഈ വിദ്യാലയത്തിൽ ഉണ്ട്. ആറ് സ്‌പെഷ്യലിസ്റ്റ് ട്രേഡുകളുണ്ട്. 70 ഓളം കമ്പ്യൂട്ടറുകൾ, 70 ഓളം കമ്പ്യൂട്ടർ കസേരകൾ, മൾട്ടി മീഡിയ സൗകര്യമുള്ള ഐ.ടി ലാബ്, കായികക്ഷമത വളർത്താൻ ഫിസിക്കൽ എഡ്യൂക്കേഷൻ ലാബ് സൗകര്യം എന്നിവ സ്‌കൂളിൽ ലഭ്യമാണ്. പ്ലാൻ ഫണ്ട് പൂർണമായും വിനിയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ നിലവാരം ഉയർത്തുന്നതിനായി സ്‌കോളർ സപ്പോട്ട് സ്‌കീം കുട്ടികൾക്ക് ലഭ്യമാണ്

സർക്കാർ പോളിടെക്‌നിക് കോളേജിൽ 6.5 കോടി രൂപയ്ക്കാണ് മൂന്നാം നില നിർമ്മിച്ചിരിക്കുന്നത്. കൂടാതെ 62 ലക്ഷം രൂപയ്ക്ക് പ്രാക്ടിക്കൽ സെക്ഷനുവേണ്ടി പുതിയ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു  നിര്‍വ്വഹിച്ചു. ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷനായിരുന്നു. അഡ്വ. ജി. സ്റ്റീഫൻ എം എല്‍ എ മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.