യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുത്

post

നാടിന്റെ വളർച്ചയിൽ മുതൽക്കൂട്ടാകേണ്ട യുവത്വത്തെ ലഹരിക്കുരുക്കിൽ തളച്ചിടാൻ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 'ലഹരിമുക്ത നവകേരളം' എന്ന സന്ദേശമുയർത്തി പൊതുവിദ്യാഭ്യാസ- എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ച സൈക്കിൾ റാലിയുടെ സമാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾ ലഹരിയുടെ തെറ്റായ വഴിയിൽ സഞ്ചരിക്കാതിരിക്കാൻ എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക കരുതൽ വേണമെന്നും മന്ത്രി ഓർമിപ്പിച്ചു. ഒകോടോബർ 25 ന് കാസർഗോഡ് നിന്ന് ആരംഭിച്ച യാത്രയാണ് തിരുവനന്തപുരത്ത് സമാപിച്ചത്.


പൊതുവിദ്യാഭ്യാസ ഡയറക്ടറും കെ.എസ്.ബി.എസ്.ജി സ്റ്റേറ്റ് ചീഫ് കമ്മിഷണറുമായ കെ. ജീവൻബാബു അധ്യക്ഷതവഹിച്ചു. ജാഥാ ക്യാപ്റ്റൻ ഷീല ജോസഫ് കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൈക്കിൾ റാലിയുടെ ഭാഗമായി ഫ്ളാഷ്മോബ് ഉൾപ്പെടെയുള്ള വിവിധ ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു.